ലോകാരോഗ്യ സംഘടനയും വുഹാൻ ലാബും ഹാക്ക് ചെയ്തു

ലോകാരോഗ്യ സംഘടനയും വുഹാൻ ലാബും ഹാക്ക് ചെയ്തതായി റിപ്പോർട്ട്. 25,000 ലേറെ ഇമെയിലുകളും പാസ്വേഡുകളും മറ്റ് പ്രധാനപ്പെട്ട രേഖകളും ചോർത്തിയെന്നാണ് വിവരം. സൈറ്റ് ഇന്റലിജൻസ് വിഭാഗമാണ് വാർത്ത പുറത്തുവിട്ടത്.
ആദ്യം ഇമേജ്‌ബോർഡ് വെബ്‌സൈറ്റായ 4ചാനിൽ വിവരങ്ങൾ പ്രസിദ്ധീകരിച്ച സൈബർ കുറ്റവാളികൾ പിന്നീട് പേസ്റ്റ്ബിൻ, ട്വിറ്റർ, ടെലിഗ്രാം എന്നീ സാമൂഹ്യ മാധ്യമങ്ങളിലും ചോർത്തിയ വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. വുഹാൻ ലബിലാണ് കൊറോണ വൈറസിന് രൂപം നൽകിയതെന്ന വ്യാജ പ്രചരണവും ഹാക്ക് ചെയ്ത് ചോർത്തിയെടുത്ത വിവരങ്ങൾക്കൊപ്പം ഇവർ പങ്കുവച്ചു. കൊവിഡ് 19 നെ ബയോവെപ്പണായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളുടെ മറ്റൊരു മുഖമാണ് ഇതെന്ന് സൈറ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടർ റീത്ത കാറ്റ്‌സ് പറയുന്നു.
എച്ച്‌ഐവി വൈറസുമായി കോർത്താണ് കൊവിഡ് വൈറസിന് രൂപം നൽകിയിരിക്കുന്നതെന്ന് ചോർത്തിയ ഡേറ്റകൾ പങ്കുവച്ചുകൊണ്ട് പലരും ട്വീറ്റ് ചെയ്തു. മറ്റൊരു ഉപഭോക്താവ് ട്വീറ്റ് ചെയ്തത് വുഹാൻ ലാബ് മേധാവി ഡ്രൈ ഐസിൽ കലർത്തിയ വയറസ് മത്സ്യ മാർക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ്.
ഹാക്ക് ചെയ്ത് പ്രചരിപ്പിച്ചു എന്ന് പറയപ്പെടുന്ന വിവരങ്ങൾ എത്ര മാത്രം ആധികാരികമാണെന്ന കാര്യത്തിൽ സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. എന്നാൽ ലോകാരോഗ്യ സംഘടനയുടെ ഇമെയിൽ അഡ്രസും പാസ്വേഡും ശരിയാണെന്നാണ് സൈബർ സെക്യൂരിറ്റി വിദഗ്ധൻ റോബർട്ട് പോട്ടർ പറഞ്ഞത്. ഇതിനൊപ്പം ഗേറ്റ്‌സ് ഫൗണ്ടേഷന്റെ വിവരങ്ങളും ചോർത്തിയിട്ടുണ്ട്.
Story Highlights- hacked, WHO, Wuhan Lab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here