എറണാകുളം ജില്ലയിൽ തൊഴിലുറപ്പ് ജോലികൾ 25ന് പുനഃരാരംഭിക്കും

എറണാകുളം ജില്ലയിൽ തൊഴിലുറപ്പ് ജോലികൾ 25ന് പുനഃരംഭിക്കും. ജില്ലയിൽ ലോക്ക് ഡൗണിന് ഇളവ് പ്രഖ്യാപിച്ചിട്ടുള്ള ഏപ്രിൽ 24ന് ശേഷം തൊഴിലുറപ്പ് ജോലികൾ പുനഃരാരംഭിക്കാൻ നിർദേശം നൽകി കൊണ്ട് സർക്കാർ ഉത്തരവായി. ജില്ലയിലെ ഹോട്‌സ്‌പോട്ടുകളിൽ ജോലികൾ ആരംഭിക്കില്ല.

നിബന്ധനകൾക്കനുസരിച്ചായിരിക്കും ജോലികൾ. ലോക്ക് ഡൗൺ മൂലം നിർത്തി വച്ച ജോലികൾ, വരൾച്ച പ്രതിരോധ പ്രവർത്തനങ്ങൾ, പൊതുകിണർ, ചാലുകൾ, തോടുകൾ എന്നിവയുടെ പുനർ നിർമാണം, കിണറുകൾ, മഴക്കുഴി, മൺകയ്യാല, ജൈവ വേലി, കമ്പോസ്റ്റ് സംവിധാനങ്ങൾ, തൊഴുത്ത് എന്നിവയുടെ നിർമാണം, തരിശ് ഭൂമി കൃഷിക്ക് അനുയോജ്യമാക്കൽ തുടങ്ങിയ ജോലികൾക്കായിരിക്കും മുൻഗണന നൽകുന്നത്.

പൊതു പ്രവർത്തികൾക്ക് 20 പേരുള്ള മസ്റ്റർ റോളുകൾ മാത്രമേ അനുവദിക്കൂ. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടാൻ അനുവദിക്കില്ല ഒരു മീറ്റർ ശാരീരിക അകലം പാലിച്ചു കൊണ്ടായിരിക്കണം ജോലികൾ ചെയ്യേണ്ടത്.

ജോലിക്കെത്തുന്ന എല്ലാ ആളുകളും വൃത്തിയുള്ള കയ്യുറകളും മാസ്‌കുകളും, തോർത്തും കരുതണം. തൊഴിലിന് മുൻപും ശേഷവും സോപ്പുപയോഗിച്ച് കൈകഴുകാനുള്ള സംവിധാനങ്ങൾ ക്രമീകരിക്കണമെന്ന് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ അറിയിച്ചു. ഇതിനുള്ള പണം ഫസ്റ്റ് എയ്ഡ് സൗകര്യമായി കണക്കാക്കി പദ്ധതിയിൽ നിന്ന് ചെലവ് ചെയ്യാം. പണിയായുധങ്ങൾ കൈമാറി ഉപയോഗിക്കാൻ പാടില്ല.

ജോലി സ്ഥലത്ത് മുറുക്കാൻ, പുകവലി, പാൻ മസാല ഉപയോഗം എന്നിവ പൂർണമായി നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലത്തും ജോലി സ്ഥലത്തും തുപ്പാൻ പാടില്ല. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ബുദ്ധിമുട്ടുള്ളവരും നിരീക്ഷണത്തിലുള്ള ആളുകളുമായി ഇടപെട്ടവരും ജോലിക്ക് എത്തരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

 

ernakulam, lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top