കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച ഭൂരിഭാഗം പേർക്കും രോഗലക്ഷണം ഉണ്ടായിരുന്നില്ല : ജില്ലാ കളക്ടർ

കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച ഭൂരിഭാഗം പേർക്കും രോഗലക്ഷണം ഉണ്ടായിരുന്നില്ലെന്ന് ജില്ലാ കളക്ടർ ടിവി സുഭാഷ്.
നിലവിൽ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2432 പേരെയാണ് നിലവിൽ ടെസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ണൂരിൽ സാധ്യമാകുന്ന എല്ലാവരെയും പരിശോധനക്ക് വിധേയമാക്കിയെന്നും കളക്ടർ അറിയിച്ചു. ജില്ലയിൽ റിവേഴ്‌സ് ക്വാറന്റീൻ ശക്തിപ്പെടുത്തും. രോഗം ബാധിച്ചവരുടെ പ്രൈമറി, സെക്കൻഡറി പട്ടികയിൽ പെട്ടവരെയും പരിശോധനക്ക് വിധേയമാക്കും. വൈകി രോഗം സ്ഥിരീകരിക്കുന്ന സംഭവം ആരോഗ്യ വകുപ്പ് വിദഗ്ദർ പരിശോധിക്കും. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്ടർ വ്യക്തമാക്കി.
സമ്പർക്ക പട്ടികയിലെ 120 പേരടേതും വിദേശത്ത് നിന്ന് എത്തിയ 45 പേരുടേതുമടക്കം 165 പേരുടെ റിസൾട്ട് കൂടി ലഭിക്കാനുണ്ടെന്ന് കളക്ടർ ടിവി സുഭാഷ് കൂട്ടിച്ചേർത്തു.
ഇന്നലെ കണ്ണൂർ ജില്ലയിൽ ഏഴു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നാലു പേർ ദുബായിൽ നിന്നും വന്നവരാണ്.ഡൽഹിയിൽ നിന്നും ട്രെയിനിൽ വന്ന ഹൗസ് സർജനും രോഗം സ്ഥിരീകരിച്ചു. രണ്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 111 ആയി. ഇവരിൽ 49 പേർ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ളത് കണ്ണൂർ ജില്ലയിലാണ്. 3336 പേരാണ്ജില്ലയിൽ നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
Story Highlights- coronavirus, kannur