സംസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ല: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് 19 സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാം ഘട്ട രോഗവ്യാപനം സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നും സമൂഹവ്യാപനം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സമൂഹവ്യാപന ഭീഷണി ഒഴിഞ്ഞു എന്ന് പറയാനാവില്ല. അത് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലെയും കോട്ടയം മെഡിക്കൽ കോളജിലെയും കൊവിഡ് 19 ലാബിന് ഐസിഎംആർ അംഗീകാരം ലഭിച്ചു എന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂരിലെ കൊവിഡ് ലാബിൽ നാളെ മുതൽ ടെസ്റ്റിംഗ് തുടങ്ങും. ലാബിൽ നാല് റിയൽ ടൈം പിസിആർ മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ആദ്യ ഘട്ടതിൽ 15ഉംപിന്നീട് 60 വരെയും കൊവിഡ് പരിശോധനകൾ ദിനം പ്രതി ഇവിടെ നടത്താനാവും. ഇതോടെ കേരളത്തിൽ 14 സർക്കാർ ലാബുകളിലും രണ്ട് സ്വകാര്യ ലാബുകളിലും കൊവിഡ് പരിശോധന നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
തമിഴ്നാട്, കർണാടക അതിർത്തി വഴി ആളുകൾ ഇരുവശത്തേക്കും കടക്കുന്നത് തടയാനുള്ള കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ ആവശ്യങ്ങൾ ഉൾപ്പെടെയുള്ള അത്യാവശ്യ യാത്രകൾക്കായി ജില്ല കടന്നു പോകുന്നതിന് പൊലീസ് ആസ്ഥാനത്ത് നിന്നും ജില്ലാ പൊലീസ് മേധാവിമാരുടെ ആസ്ഥാനത്ത് നിന്നും എമർജൻസി പാസ് വാങ്ങണം. കളിയിക്കാവിളയിൽ നിന്ന് അതിർത്തി കടന്നെത്തിയ തമിഴ്നാട് സർക്കാർ സർവീസിലെ ഡൊക്ടറെയും അവരെ അതിർത്തി കടത്താൻ സഹായിച്ച സംസ്ഥാന സർവീസിലെ ഡോക്ടറായ ഭർത്താവിനെയും ക്വാറൻ്റീൻ ചെയ്തിട്ടുണ്ട്. രണ്ട് പേർക്കുമെതിരെ കേരളാ പകർച്ച വ്യാധി ഓർഡിനൻസ് പ്രകാരും ഐപിസി കേസ് എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Story Highlights: no social spread in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here