കുടകില്‍ നിന്ന് അതിര്‍ത്തി കടന്ന് ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് എത്തിയത് 57 പേര്‍: മുഖ്യമന്ത്രി

കര്‍ണാടകത്തിലെ കുടകില്‍ നിന്ന് അതിര്‍ത്തി കടന്ന് ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് എത്തിയത് 57 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടകില്‍ നിന്ന് കണ്ണൂരിലേക്ക് കാട്ടിലൂടെ അതിര്‍ത്തി കടന്ന് വന്ന എട്ട് പേരെ ഇന്ന് കൊറോണ കെയര്‍ സെന്ററിലാക്കി. ഇരിട്ടിയിലെ രണ്ട് കൊറോണ കെയര്‍ സെന്ററുകളിലായാണ് ഇവരെ നിരീക്ഷിക്കുന്നത്. കേരളത്തിലെക്ക് വരാനുള്ളവര്‍ പല വഴികളിലൂടെ എത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ നല്ല ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് മൂന്നുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് സ്വദേശികളായ മൂന്നുപേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 15 പേര്‍ രോഗമുക്തരായി. കാസര്‍ഗോഡ് സ്വദേശികളായ അഞ്ചു പേരും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ സ്വദേശികളായ മൂന്നുപേര്‍ വീതവും കൊല്ലം സ്വദേശിയായ ഒരാളുമാണ് ഇന്ന് കൊവിഡ് രോഗ വിമുക്തരായത്.

സംസ്ഥാനത്ത് ഇതുവരെ 450 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 116 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 21725 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. 21243 പേര്‍ വീടുകളിലും 452 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 144 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 21941 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. 20830 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. കണ്ണൂര്‍ ജില്ലയിലാണ് നിലവില്‍ ഏറ്റവും കൂടുതലാളുകള്‍ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: coronavirus, Cm Pinarayi Vijayan,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top