സ്പ്രിംക്‌ളർ കരാറിലെ ഹൈക്കോടതി ഉത്തരവ്; വ്യത്യസ്ത അഭിപ്രായവുമായി ഭരണ- പ്രതിപക്ഷ നേതാക്കൾ

സ്പ്രിംക്‌ളർ കരാറുമായി ബന്ധപ്പെട്ട ഹൈക്കോടതി ഇടക്കാല ഉത്തരവിൽ സർക്കാരിന് വിമർശനമില്ലെന്ന് നിയമ മന്ത്രി എ കെ ബാലൻ. കോടതിവിധി സ്വാഗതാർഹമാണെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് ഉത്തരവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളിയെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രതികരണം.
കോടതി ഉത്തരവിൽ സർക്കാരിനെതിരെ കോടതി വിമർശനമില്ലെന്ന് നിയമ മന്ത്രി എ കെ ബാലൻ. ഡേറ്റ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ട് മൂന്ന് കാര്യങ്ങളിൽ വിശദീകരണം തേടുകയാണ് കോടതി ചെയ്തത്. വിവരങ്ങളുടെ സംരക്ഷണം സർക്കാറിന്റെ നിയന്ത്രണത്തിൽ തന്നെയായിരിക്കുമെന്ന് സ്ഥാപിക്കുന്ന വിശദീകരണം സർക്കാർ കോടതിയിൽ നൽകി. കൊവിഡ് വൈറസുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികളെ കോടതി അഭിനന്ദിക്കുകയാണ് ചെയ്തതെന്നും ബാലൻ പറഞ്ഞു.
ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. ജനനന്മക്കായി ഉദ്ദേശ ശുദ്ധിയോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. കരാറിൽ ഒരു അസ്വാഭാവികതയും ഇല്ല. വിവാദങ്ങൾ ഉണ്ടാക്കേണ്ട സമയമല്ലെന്നും മന്ത്രി.
സ്പ്രിംക്ളർ കേസിൽ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങൾ അതീവ ഗൗരവമുള്ളതെന്ന് വ്യക്തമാക്കുന്നതാണ് ഇടക്കാല ഉത്തരവ്. സർക്കാരിന് മാന്യതയുണ്ടെങ്കിൽ കരാർ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിന്റെ എല്ലാ വാദങ്ങളും ഹൈക്കോടതി തള്ളിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സർക്കാരിന് തോന്നിയത് പോലെ കാര്യങ്ങൾ നടത്താനാകില്ലെന്ന് കോടതി ഇടപെടലിലൂടെ തെളിയിച്ചതായും കെ സുരേന്ദ്രൻ.
സ്പ്രിംക്ലറുമായുള്ള കരാറിന് കർശന നിബന്ധനകൾ ഹൈക്കോടതി നിർദേശിച്ചു. കൊവിഡ് വിവരശേഖരണവുമായി സർക്കാരിന് മുന്നോട്ടുപോകാം. എന്നാൽ വ്യക്തിവിവരങ്ങൾ അതീവ സുരക്ഷിതമെന്ന് സർക്കാർ ഉറപ്പാക്കണം. സ്പ്രിംക്ലറിന് നൽകുന്ന ഡേറ്റ അനോണിമൈസേഷന് വിധേയമാക്കിയാകണമെന്ന് ഹൈക്കോടതി നിഷ്‌കർഷിച്ചു. വ്യക്തിയെ തിരിച്ചറിയാൻ കമ്പനിക്ക് കഴിയരുത്. സ്പ്രിംക്ലറിന് വിവരം നൽകുന്നുണ്ടെന്ന് രോഗികളോട് പറഞ്ഞ്, അവരുടെ സമ്മതം രേഖാമൂലം വാങ്ങണം. എങ്കിൽ മാത്രമേ ഡാറ്റാ കൈമാറാൻ പാടൂള്ളൂവെന്നും ഹൈക്കോടതി പറഞ്ഞു. കമ്പനി ഇതുവരെ ശേഖരിച്ച ഡേറ്റകൾ തിരികെ നൽകി അനോണിമൈസേഷന് വിധേയമാക്കണം.
Story highlights-leaders with different opinion about sprinklr hc order
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here