കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക കര്‍മപദ്ധതി തയാറാക്കും: കളക്ടര്‍

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുന്നതിന് മുന്‍പ് ജില്ല തലത്തില്‍ പ്രത്യേക കര്‍മപദ്ധതി രൂപീകരിക്കാന്‍ ജില്ല ഭരണകൂടം തീരുമാനിച്ചു. കളക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനം. വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടി ആരംഭിച്ച സാഹചര്യത്തില്‍ ഇവരെ നിരീക്ഷണത്തിലേക്കു മാറ്റുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്.
സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി പ്രാഥമിക പരിശോധന നടത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ജില്ല ഭരണകൂടത്തിന്റെ പരിഗണനയില്‍ ഉണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കുന്നത്. അടുത്ത ദിവസങ്ങളില്‍ കളക്ടര്‍ വഴി സര്‍ക്കാരിലേക്ക് കര്‍മ പദ്ധതി സമര്‍പ്പിക്കാനാണ് തീരുമാനം.
വിമാനത്താവളത്തില്‍ ജോലി ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളും കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തും.
തുറമുഖത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് പ്രതിനിധികളും അവലോകന യോഗത്തില്‍ പങ്കെടുത്തിരുന്നു. സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, എസ്പി കെ കാര്‍ത്തിക്ക്, ഡിസിപി ജി പൂങ്കുഴലി, അസി കളക്ടര്‍ എം.എസ് മാധവിക്കുട്ടി, കേരള ആംഡ് ബറ്റാലിയന്‍ 1 കമാന്‍ഡന്റ് വൈഭവ് സക്സേന, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ കെ കുട്ടപ്പന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Story highlights-Special action plan for the activities of kochi International Airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here