സ്പ്രിംക്ലര്‍ ; സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം

സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം. ഡാറ്റാ ശേഖരണത്തിന് വിദേശ ഏജന്‍സി വേണ്ടെന്നും സംസ്ഥാനത്തെ ഡാറ്റാ കളക്ഷന്‍ ഏറ്റെടുക്കാന്‍ തയാറാണെന്നും കേന്ദ്രം വ്യക്തമാക്കി. വ്യക്തിവിവരങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാനത്തിനുണ്ട്. അതിന് സംസ്ഥാന സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ തന്നെ സാങ്കേതിക വിദ്യ ലഭ്യമാക്കണം.
വന്‍ തോതിലുള്ള വിവര ശേഖരണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പക്കലുള്ള സംവിധാനങ്ങള്‍ പര്യാപ്തമാണ്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എത്ര വലിയ വിവരശേഖരണവും എന്‍ഐസിയുടെ സഹായത്തോടെ ചെയ്യാനാകും. ആരോഗ്യ സേതു ആപ്പ് എല്ലാവരും ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോത്സഹനം നല്‍കണം. ഇതുവരെ ഏഴ് കോടി പേരാണ് ആപ്പ് ഡൗണ്‍ലൗഡ് ചെയ്ത് ഉപയോഗിക്കുന്നത്. കൂടുതല്‍ ആളുകളിലേക്ക് ആപ്പ് വ്യാപിപ്പിക്കാന്‍ സംസ്ഥാനം ശ്രമിക്കണം. ഈ ഡാറ്റ ശേഖരണം സുരക്ഷിതമാണെന്നും കേന്ദ്രം
സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു.
അതീവ പ്രാധാന്യമുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ സൂക്ഷിക്കുന്നതാണ് ഏറ്റവും ഉചിതം. സ്പ്രിംക്ലര്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ പൗരന്റെ അവകാശം സംരക്ഷിക്കാന്‍ പര്യാപ്തമല്ല. കരാറിന്റെ അധികാര പരിധി ന്യുയോര്‍ക്ക് ആയത് വ്യക്തി താല്പര്യത്തിനു എതിരാണെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. കരാറിനെ എതിര്‍ത്ത് അഞ്ചും അനുകൂലിച്ച് ഒരു ഹര്‍ജിയുമാണ് ഹൈക്കോടതിക്ക് മുന്നിലുള്ളത്.
Sprinkler; central government affidavit dismissed the arguments of the state government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here