കുരങ്ങുപനി; അപ്പപ്പാറ മേഖലയെ ഹോട്ട്‌സ്‌പോട്ടിന് സമാന മേഖലയാക്കാൻ തീരുമാനം

വയനാട്ടിൽ കുരങ്ങുപനി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട തിരുനെല്ലി അപ്പപ്പാറ മേഖലയെ ഹോട്ട്സ്പോട്ടിന് സമാനമായ മേഖലയായി തിരിക്കാൻ തീരുമാനം. ഇവിടെ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കും. രണ്ട് പേർ ഇത്തവണ ജില്ലയിൽ കുരങ്ങുപനി ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് തീരുമാനം.
തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ഉൾപ്പെടെയുളള കുരങ്ങുപനി സ്ഥിരീകരിച്ച മേഖലകളെ പ്രത്യേകം തരംതിരിച്ച് ഇവിടെ നിയന്ത്രണങ്ങളും നിരീക്ഷണവും ശക്തമാക്കാനാണ് തീരുമാനം. കൊവിഡ് ഹോട്ട്സ്പോട്ടിന് സമാനമായ രീതിയിൽ ഇവിടെ ആളുകൾക്ക് കൂട്ടംകൂടുന്നതിനും അടുത്ത് ഇടപഴകുന്നതിനും വിലക്കുണ്ടാകും. രോഗവ്യാപനം തടയുകയാണ് ലക്ഷ്യം.
അതേസമയം, രണ്ടാം ഘട്ട വാക്സിൻ പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണ്. വനാതിർത്തിയോട് ചേർന്ന് പ്രവർത്തിക്കുന്നവർക്ക് നിർബന്ധമായും മൂന്ന് തവണ വാക്സിനേഷൻ നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലയുടെ ചുമതലയുളള മന്ത്രി എ. കെ ശശീന്ദ്രൻ രോഗബാധിത മേഖലയിൽ സന്ദർശനം നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here