രാജ്യത്തെ നാല് തീവ്ര കൊവിഡ് ബാധിത മേഖലകൾ ഇന്ന് കേന്ദ്രസംഘം സന്ദർശിക്കും

ലോക്ക് ഡൗണിന്റെ 32-ാം ദിനമായ ഇന്ന് രാജ്യത്തെ നാല് തീവ്ര കൊവിഡ് ബാധിത മേഖലകൾ കേന്ദ്രസംഘം സന്ദർശിക്കും. മഹാരാഷ്ട്ര അടക്കം ആറ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പോസിറ്റീവ് കേസുകളുടെ എണ്ണം 23,452 ആയി ഉയർന്നു. 723 പേർ ഇതുവരെ മരിച്ചു.
കൊവിഡ് പടർന്ന് പിടിക്കുന്ന അഹമ്മദാബാദ്, സൂറത്ത്, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളാണ് കേന്ദ്രസംഘം സന്ദർശിക്കുന്നത്. നേരത്തെ മുംബൈ, പൂനെ, ജയ്പൂർ, ഇൻഡോർ, കൊൽക്കത്ത എന്നീ നഗരങ്ങൾ നിരീക്ഷകസംഘം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയിരുന്നു. അഹമ്മദാബാദിൽ രോഗവ്യാപനം ഇപ്പോഴത്തെ തോതിൽ തുടരുകയാണെങ്കിൽ മേയ് പകുതിയോടെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷവും മേയ് 31ന് എട്ടുലക്ഷവും കടന്നേക്കാമെന്ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ കമ്മീഷണർ വിജയ് നെഹ്‌റ മുന്നറിയിപ്പ് നൽകിയിരുന്നു.
ഡൽഹിയിൽ ഒൻപത് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ടെയ്ന്റ്‌മെന്റ് സോണുകളുടെ എണ്ണം 92 ആയി. പോസിറ്റീവ് കേസുകളുടെ എണ്ണം 2500 കടന്നു. രാജസ്ഥാനിൽ ഇതുവരെ 32 പേർ മരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിൽ കണ്ടെയ്ന്റ്‌മെന്റ് സോണുകളുടെ എണ്ണം 171 ആയി. തമിഴ്‌നാട്ടിലെ ചെന്നൈ അടക്കം അഞ്ച് നഗരങ്ങൾ സമ്പൂർണ ലോക്ക്ഡൗണിലേക്ക് മാറി.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here