മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 7,500 കടന്നു; 22 മരണം

രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനമായ മഹാരാഷ്ട്രയിൽ ആശങ്കയേറുന്നു. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 7500 കടന്നു. ഇന്ന് 811 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 22 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ധാരാവിയിൽ 21 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മുംബൈയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധ മൂലം മരിച്ചു.

ആശങ്ക ഉയർത്തുന്ന തരത്തിലാണ് മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്നത്. 811 പേർക്ക് കൂടി സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്തോടെ ആകെ രോഗബാധിതരുടെ എണ്ണം 7628 ആയി. മരണസംഖ്യ 323 ആയി ഉയർന്നു.1076 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. രോഗവ്യാപനം അതിരൂക്ഷമായ മുംബൈയിൽ 4870 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 191 പേർ മരിച്ചു. ധാരാവിയിൽ 21 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 241 ആയി. 1500 പേരെയാണ് ധാരാവിയിൽ ഇതുവരെ പരിശോധിച്ചത്. ഗോവണ്ടി, മാൻ ഖുർദ്ദ് മേഖലകളിലും രോഗവ്യാപനം തുടരുന്നു. സമൂഹ വ്യാപനത്തിന്റെ ആശങ്കയിലാണ് മുംബൈ.

സംസ്ഥാനത്തെ അതിതീവ്ര മേഖലയായ പൂനെയിൽ 1180 ഉം, താനെയിൽ 760 പേർക്കും രോഗം സ്ഥിരീകരിച്ചു. 56 കാരനായ ഹെഡ് കോൺസ്റ്റബിൾ രോഗബാധയെ തുടർന്ന് മുംബൈയിൽ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 96 പൊലീസ് ഉദ്യോഗസ്ഥർക്കാണ് കൊവിഡ് ബാധ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ അവശ്യ സർവീസ് മേഖലകളിലെല്ലാം കൊവിഡ് പിടിപെട്ടിരിക്കുന്നു. വരും ദിവസങ്ങളിൽ നിയന്ത്രണം കടുപ്പിച്ച് രോഗവ്യാപനം തടയാൻ സാധിച്ചില്ലെങ്കിൽ മുംബൈയിലും പൂനെയിലും ലോക്ക് ഡൗൺ നീട്ടാനുള്ള നടപടി സർക്കാർ സ്വീകരിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top