‘ലക്ഷ്മി ബോംബ്’ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ റിലീസിനെത്തുന്നു

അക്ഷയ് കുമാർ നായകനാകുന്ന ബോളിവുഡ് ചിത്രം ലക്ഷ്മി ബോംബ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ റിലീസിന് ഒരുങ്ങുന്നു. രാഘവാ ലോറൻസിന്റെ ഹിറ്റ് തമിഴ് ഹൊറർ ചിത്രം കാഞ്ചനയുടെ ഹിന്ദി പതിപ്പാണ് ലക്ഷ്മി ബോംബ്. തിയറ്ററുകളിൽ മെയ് 22നാണ് സിനിമാ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോക്ക് ഡൗണായതിനാൽ തിയറ്ററുകൾ അടച്ചിട്ടതിനാലാണ് ഇത്തരത്തിലൊരു തീരുമാനം. ഓൺലൈൻ റിലീസിംഗുമായി ബന്ധപ്പെട്ട് ഡിസ്‌നി പ്ലസും ഹോട്ട് സ്റ്റാറുമായുള്ള അവസാന ഘട്ട ചർച്ച നടത്തുകയാണ് അക്ഷയ് കുമാർ എന്നാണ് വിവരം.
രാഘവാ ലോറൻസ് തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ്, പശ്ചാത്തലസംഗീത മിക്സിംഗ് തുടങ്ങിയ അവസാനഘട്ട പ്രവൃത്തികൾക്കുശേഷമായിരിക്കും സിനിമ ഓൺലൈനായി കാഴ്ചക്കാർക്ക് മുൻപിൽ എത്തുക. ജൂണിലായിരിക്കും ഓൺലൈൻ റിലീസ് എന്നാണ് റിപ്പോർട്ട്.
മെയിൽ ലോക്ക് ഡൗൺ തീർന്നാലും തിയറ്ററുകൾ തുറക്കാൻ വൈകിയേക്കുമെന്ന സാധ്യത പരിഗണിച്ചാണ് ഓൺലൈൻ റിലീസ്. രാജ്യാന്തരമായി ഡിസ്നി പ്ലസിലും ആഭ്യന്തരമായി ഹോട്ട്സ്റ്റാറിലൂടെയും ലക്ഷ്മിബോംബ് സിനിമ ആളുകൾക്ക് കാണാം.
കഴിഞ്ഞ ദിവസം സൂര്യ നിർമിച്ച ജ്യോതികാ ചിത്രം ‘പൊൻമകൾ വന്താൽ’ സിനിമ ഓൺലൈൻ റിലീസ് മാത്രം തീരുമാനിച്ചതിനെ തുടർന്ന് തിയറ്റർ ഉടമകൾ താരത്തിന് എതിരെ രംഗത്തെത്തിയിരുന്നു. ചിത്രം ആമസോൺ പ്രൈമിൽ മാത്രം റിലീസ് ചെയ്താൽ സൂര്യ അഭിനയിക്കുന്നതോ നിർമിക്കുന്നതോ ആയ സിനിമകൾ ഇനി തിയറ്ററുകളിൽ റിലീസിന് അനുവദിക്കില്ല എന്ന ഭീഷണിയും തമിഴ്‌നാട്ടിലെ തിയറ്റർ ഉടമകൾ ഉയർത്തി.
Story highlights-akshay kumar,lashmi bomb, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here