മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനായി പരിശോധനാഫലം രഹസ്യമാക്കുന്നു എന്ന ആരോപണം തെറ്റ്: ആരോഗ്യ മന്ത്രി

കൊവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ പരിശോധനാ ഫലം 24 മണിക്കൂർ വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ മനോവീര്യം തകർക്കാൻ മാത്രമാണ് ഈ ആരോപണം ഉപകരിക്കുകയുള്ളൂവെന്ന് മന്ത്രി പ്രതികരിച്ചു. അന്നന്നത്തെ കൊവിഡ് പരിശോധനാ ഫലങ്ങൾ മുഖ്യമന്ത്രി എങ്ങനെയാണ് വാർത്താസമ്മേളനത്തിൽ അവതരിപ്പിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലാണ് ഇക്കാര്യങ്ങൾ കെ കെ ശൈലജ കുറിച്ചത്. കൂടാതെ കൊവിഡ് ബാധിച്ച പിഞ്ചുകുഞ്ഞിന്റെ മരണത്തിന്മേലുണ്ടായ ദുഷ്പ്രചാരണങ്ങൾക്കും മന്ത്രി രൂക്ഷമായി മറുപടി നൽകി.

കുറിപ്പ് വായിക്കാം

കൊവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ പരിശോധനാ ഫലം 24 മണിക്കൂർ വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഇത്തരമൊരു പ്രസ്താവന നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ മനോവീര്യം തകർക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ.

സംസ്ഥാനത്തിന്റെ വിവിധ വൈറോളജി ലാബുകളിൽ നിന്നുള്ള കൊവിഡ് പരിശോധന ഫലങ്ങൾ നെഗറ്റീവായാൽ സാമ്പിളുകൾ അയച്ച ആശുപത്രികൾക്കും പോസിറ്റീവായാൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്കുമാണ് അയയ്ക്കുന്നത്. പോസിറ്റീവായ കേസുകൾ സൂക്ഷ്മ പരിശോധന നടത്തി ഒട്ടും കാലതാമസമില്ലാതെ അതത് ജില്ലാ സർവൈലൻസ് ഓഫീസർക്ക് അയച്ച് കൊടുക്കുന്നു. ജില്ലാ സർവൈലൻസ് ഓഫീസർ അതനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലോ ആശുപത്രികളിലോ ഉള്ളയാളിന്റേയോ സാമ്പിളുകളാണ് എടുത്ത് പരിശോധനയ്ക്കായി അയക്കുന്നത്. അതിനാൽ തന്നെ ഇവരെ ഉടൻ തന്നെ രോഗ പകർച്ച ഉണ്ടാകാതെ ഐസൊലേഷൻ ചികിത്സയിലാക്കാൻ സാധിക്കുന്നു. ഇതോടൊപ്പം സമാന്തരമായി കോണ്ടാക്ട് ട്രെയിസിംഗും നടക്കുന്നുണ്ട്. ആറ് മണിയുടെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് ശേഷം വരുന്ന പോസിറ്റീവ് ഫലങ്ങളും ഒട്ടും വൈകിക്കാതെ ഇതേ നടപടികളാണ് സ്വീകരിക്കുന്നത്.

അതേസമയം ഈ കണക്കുകൾ കൂടി പിറ്റേദിവസത്തെ പത്രസമ്മേളനത്തിൽ കൂട്ടിച്ചേർത്ത് പറയുകയാണ് ചെയ്യുക. അതായത് മുൻകരുതലുകൾ സ്വീകരിക്കുന്നതിനായി അതത് ജില്ലകളിൽ അപ്പപ്പോൾ വിവരമറിയിക്കുന്നെങ്കിലും ആകെ എണ്ണത്തിൽ കൂട്ടിച്ചേർത്ത് പറയുന്നത് തൊട്ടടുത്ത ദിവസമാണ്. കണക്കിൽ കൃത്യത ഉണ്ടാകാൻ ഇതാണ് ശരിയായ രീതി. ഇതാണ് ചിലർ തെറ്റിദ്ധരിപ്പിക്കുന്നത്. വളരെ സുതാര്യമായാണ് ഈ പ്രക്രിയ നടക്കുന്നത്.

കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് മരണമടഞ്ഞ കുഞ്ഞിന് ജന്മനാതന്നെ ഗുരുതരമായ അസുഖങ്ങളാണ് ഉണ്ടായിരുന്നത്. ഗുരുതരമായ ന്യൂമോണിയ ബാധിച്ച കുട്ടിയെ മഞ്ചേരി പ്രശാന്തി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. ജന്മനാ ഹൃദയസംബന്ധമായ അസുഖമുള്ള കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമായതിനെ തുടർന്ന് ഏപ്രിൽ 20ന് പുലർച്ചെ 3.30 ന് കോഴിക്കോട് ഐഎംസിഎച്ചിലേക്ക് ആംബുലൻസിൽ മാറ്റി. ഏപ്രിൽ 21ന് കുട്ടിയെ കൊവിഡ് പരിശോധനക്ക് വിധേയമാക്കുകയും പോസിറ്റീവ് ഫലം ലഭിക്കുകയും ചെയ്തു. തീവ്ര പരിചരണ വിഭാഗത്തിൽ വിദഗ്ധ പരിചരണം നൽകിയെങ്കിലും വെന്റിലേറ്ററിൽ ആയിരുന്ന കുട്ടി 24ന് രാവിലെ എട്ട് മണിയോടെ മരണപ്പെട്ടു. കുഞ്ഞിന് ജന്മനാ തന്ന ബർത്ത് ആസഫിക്സിയ, കഞ്ചനിറ്റൽ ഹർട്ട് ഡിസീസ്, ആന്റീരിയർ ചെസ്റ്റ് വാൾ ഡീഫോർമിറ്റി തുടങ്ങിയ അസുഖങ്ങളുണ്ടായിരുന്നു. ഇത്രയൊക്കെ ചികിത്സാ ചരിത്രമുള്ള ഈ കുഞ്ഞിന്റെ മരണത്തിൽ പോലും വ്യാഖ്യാനം കണ്ടെത്തുന്നത് തീർത്തും നിർഭാഗ്യകരമാണ്.

 

coronavirus, chief minister, k k shailaja, health minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top