വുഹാനിലെ എല്ലാ കൊവിഡ് രോഗികളും ആശുപത്രി വിട്ടു: ചൈന

വുഹാനിലെ എല്ലാ കൊവിഡ് രോഗികളും ആശുപത്രി വിട്ടെന്ന് ചൈന. ആശുപത്രികളിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ കൊവിഡ് രോഗികൾ ഇല്ലെന്ന് ചൈന പറയുന്നതായി വാർത്താ ഏജൻസിയായ റൂയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായിരുന്നു നഗരം. വുഹാനില കൊവിഡ് രോഗികളുടെ എണ്ണം പൂജ്യത്തിലെത്തിയിരിക്കുന്നു എന്നാണ് നാഷണൽ ഹെൽത്ത് കമ്മീഷൻ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞത്. വുഹാനിലെയും രാജ്യത്തെ മറ്റിടങ്ങളിലേയും ആരോഗ്യ പ്രവർത്തകർക്കും അധികൃതർ നന്ദി അറിയിച്ചു.
ഈയിടെ ചൈന വുഹാനിലെ കൊവിഡ് മരണക്കണക്കുകൾ തിരുത്തിയിരുന്നു. ചൈനയിലെ കൊറോണ കേസുകളുടെ 56 ശതമാനവും വുഹാനിലാണുണ്ടായത്. 46452 കൊവിഡ് കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് വിവരം. വുഹാനിൽ മരിച്ചവരുടെ എണ്ണം 3869 ആയാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനയിൽ നടന്ന 84 ശതമാനം മരണങ്ങളുടെയും ഉറവിടമായ വുഹാൻ അടങ്ങുന്ന ഹുബൈ പ്രവിശ്യ തന്നെ ചൈന ജനുവരിയോടെ അടച്ചിരുന്നു.
വന്യജീവികളുടെ മാംസം വിൽക്കുന്ന വുഹാനിലെ വെറ്റ് മാർക്കറ്റിൽ നിന്നാണ് കൊറോണ വ്യാപനം തുടങ്ങിയതെന്നാണ് കരുതപ്പെടുന്നത്. പിന്നീട് നിരവധി രാജ്യങ്ങളിൽ കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെടുകയും രോഗം മഹാമാരിയാവുകയും ചെയ്തു. എന്നാൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ നേതാക്കൾ ചൈന കൊവിഡ് കണക്കുകളിൽ കള്ളം പറയുകയാണെന്ന് വാദിക്കുന്നു. അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 28 ലക്ഷത്തിൽ അധികമായി.
Story highlights-china,covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here