കൊവിഡ്: രാജ്യാന്തര പാനല്‍ ചര്‍ച്ച വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊവിഡ് 19 രാജ്യാന്തര പാനല്‍ ചര്‍ച്ച വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
പിണറായി വിജയന്‍. ഇന്ത്യയിലെയും വിദേശത്തെയും ആരോഗ്യവിദഗ്ധരുമായി കേരളത്തിലെ ആരോഗ്യവിദഗ്ധര്‍ നടത്തിയ ഓണ്‍ലൈന്‍ വിഡിയോ കോണ്‍ഫറന്‍സില്‍ കാനഡ, യുഎസ്, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യവിദഗ്ധര്‍ പങ്കെടുത്തു. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ശക്തിയാണ് കൊവിഡ്-19 വ്യാപനം തടയാന്‍ സഹായിക്കുന്ന പ്രധാന ഘടകമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സര്‍ക്കാരും പൊതുസമൂഹവും ഒന്നിച്ചുനിന്നാണ് ഈ മഹാമാരിയെ നേരിടുന്നത്. പ്രതിരോധത്തിനും ചികിത്സയ്ക്കും ഒരു പോലെ ഊന്നല്‍ നല്‍കുന്ന കേരളത്തിന്റെ ആരോഗ്യസംവിധാനം നീണ്ടകാലത്തെ പരിശ്രമത്തിലുടെ പക്വത നേടിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘പൊതുജനാരോഗ്യ സംവിധാനത്തില്‍ കേരളത്തില്‍ കൂടുതലായി മുതല്‍മുടക്കുന്നുമുണ്ട്. ഈ സര്‍ക്കാര്‍ വന്ന ശേഷം ആവിഷ്‌കരിച്ച ആര്‍ദ്രം മിഷനിലൂടെ ആരോഗ്യമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. ജീവിതശൈലീ രോഗങ്ങളും മൂന്നാം തലമുറ രോഗങ്ങളും നേരിടുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും മികച്ച നിലവാരത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. വൈദ്യശാസ്ത്ര ഗവേഷണ രംഗത്തും കേരളം ശ്രദ്ധിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സഡ് വൈറോളജി സ്ഥാപിച്ചത് ഇതിന് തെളിവാണ്. ലോകപ്രശസ്തരായ വിദഗ്ധര്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിക്കുന്നു എന്നത് അഭിമാനകരമാണ്. ഈ സാമ്പത്തിക വര്‍ഷം തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങും’ മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകരും പൊലീസും ജനങ്ങളും ഒന്നിച്ചു നീങ്ങുന്നുവെന്നത് കൊവിഡ് വ്യാപനം തടയുന്നതില്‍ കേരളത്തെ സഹായിച്ചിട്ടുണ്ട്. ഈ പോരാട്ടത്തില്‍ കേരളം വിജയിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. കേരളത്തിലുള്ള ശസ്ത്രജ്ഞരുടെയും പ്രവാസികളായ വിദഗ്ധരുടെയും ഉപദേശ നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story highlights-covid 19, international panel discussion via video conference

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top