കോട്ടയത്ത് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്

കോട്ടയം ജില്ലയിൽ അഞ്ച് പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 11 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും സാമ്പിളുകൾ കോട്ടയം ജില്ലാ ആശുപത്രിയിലാണ് ശേഖരിച്ചത്. വടയാർ, ഒളശ്ശ, ചാന്നാനിക്കാട്, കിടങ്ങൂർ, വെള്ളൂർ എന്നിവിടങ്ങളിലാണ് കൊവിഡ് സ്ഥിരീകരണം.
വടയാറിൽ 53കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ ഇയാൾ ബന്ധുക്കളുമായി സമ്പർക്കം പുലർത്തിയെന്നാണ് പ്രാഥമിക വിവരം. പനിയെ തുടർന്ന് ചികിത്സ തേടി. ഒളശ്ശയിൽ സ്വദേശിയായ ആരോഗ്യ പ്രവർത്തകനാണ് രോഗം. 32 വയസുള്ള യുവാവിനെ ചുമയെ തുടർന്ന് പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.
ബിരുദാനന്തരബിരുദ വിദ്യാർഥിനിക്കാണ് ചാന്നാനിക്കാട് കൊവിഡ് കണ്ടെത്തിയത്. രണ്ടാഴ്ചയായി ചുമ തുടരുന്ന സാഹചര്യത്തിൽ ചികിത്സ തേടുകയായിരുന്നു. തിരുവനന്തപുരത്ത് ആരോഗ്യപ്രവർത്തകയായ കിടങ്ങൂർ പുന്നത്തറ സ്വദേശിനി (33) ചുമയെ തുടർന്ന് ചികിത്സ തേടുകയായിരുന്നു. അപ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.
വെള്ളൂരിൽ താമസിക്കുന്ന റെയിൽവേ ജീവനക്കാരനായ തമിഴ്നാട് സ്വദേശി(56)ക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 20ന് നാഗർകോവിലിൽ പോയി 22ന് മടങ്ങിയെത്തിയ ശേഷം പനിയെ തുടർന്ന് ചികിത്സ തേടുകയായിരുന്നു.
Story highlights-kottayam,covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here