ഇടുക്കി ജില്ലയിൽ വനിതാ ഡോക്ടര്‍ക്കും ഏഴ് വയസുകാരിക്കും ഉൾപ്പെടെ ആറ് പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയിൽ രോഗിയെ ചികിത്സിച്ച വനിതാ ഡോക്ടർ ഉൾപ്പെടെ ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ എച്ച് ദിനേശൻ. ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 20 ആയി. വണ്ടൻമേട്, ഉപ്പുകണ്ടം, എന്നിവിടങ്ങളിൽ ഓരോന്നും ഏലപ്പാറ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ രണ്ട് കേസുകൾ വീതവുമാണ് റിപ്പോർട്ട് ചെയ്തത്.
വണ്ടൻമേട്ടിൽ ഇരുപത്തിനാലുകാരനാണ് രോഗം ബാധിച്ചത്. ഇയാൾ മലപ്പുറത്ത് നിന്നാണ് മാർച്ച് 23ന് പനി ലക്ഷണങ്ങളോടെ വീട്ടിൽ എത്തിയത്. ബൈക്കിലായിരുന്നു യാത്ര. തുടർന്ന് വീട്ടിൽ കഴിയുകയായിരുന്നു.
ചെമ്പകപ്പാറ ഗ്രാമപഞ്ചായത്തിലെ ഉപ്പുകണ്ടം സ്വദേശിയായ അൻപതുകാരൻ കഴിഞ്ഞ മാർച്ച് 15ന് ജർമനിയിൽ നിന്ന് സ്‌പെയിനിലൂടെ അബുദാബി വഴി നാട്ടിലെത്തി. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. വിദേശത്ത് നിന്ന് വന്നതാകയാൽ സാധാരണ രീതിയിൽ സ്രവം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
ഏലപ്പാറ പിഎച്ച്‌സിയിലെ നാൽപത്തൊന്നുകാരിയായ ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. മൈസൂറിൽ നിന്ന് വന്ന രോഗബാധിതനായ വ്യക്തിയുടെ അമ്മയിൽ നിന്നാണ് ഡോക്ടർക്ക് രോഗം പകർന്നതെന്ന് കരുതുന്നു. ഡോക്ടർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. മൈസൂരുകാരന്റെ അമ്മ ഏലപ്പാറ പിഎച്ച്‌സിയിൽ ചികിത്സ തേടിയിരുന്നു. ഏലപ്പാറയിലെ തന്നെ 54 കാരിയാണ് മറ്റൊരു രോഗി. ഇവർ അടുത്ത് രോഗം ബാധിച്ച സ്ത്രീയുടെ വീട്ടിൽ പാലും മുട്ടയും കൊടുക്കുന്നുണ്ടായിരുന്നു.
വണ്ടിപ്പെരിയാർ താമസക്കാരനായ അച്ഛനും (35), ഏഴ് വയസുള്ള മകൾക്കും രോഗം സ്ഥിരീകരിച്ചു. ഇയാൾ തമിഴ്‌നാട്ടിലെ തിരുനൽവേലിയിൽ പോയി എപ്രിൽ 12ന് വീട്ടിൽ വന്നു. പിന്നീട് അച്ഛന്റെയും മകളുടെയും സ്രവം പരിശോധിച്ചപ്പോഴാണ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്.
ആറ് പേരുടെയും ആരോഗ്യനില വളരെ തൃപ്തികരമാണെന്നും ഇവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
Story highlights-today covid idukki for six people
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here