കോട്ടയം ജില്ലയിൽ ആകെ 15 ഹോട്ട്സ്പോട്ടുകൾ

ഇന്നലെ അഞ്ച് കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ച കോട്ടയം ജില്ലയിൽ ആകെ 15 ഹോട്ട്സ്പോട്ടുകൾ. ഇതിൽ 8 പഞ്ചായത്തുകളും അഞ്ച് വാർഡുകളും ഉൾപ്പെടുന്നു.
പനച്ചിക്കാട്, വിജയപുരം, മണർകാട്, തലയോലപ്പറമ്പ്, വെള്ളൂർ, കിടങ്ങൂർ, അയ്മനം, അയർക്കുന്നം പഞ്ചായത്തുകളും കോട്ടയം നഗരസഭയിൽ ഉൾപ്പെട്ട 2, 20, 26, 36,37 വാർഡുകളും തലയോലപ്പറമ്പ് പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന മറവൻതുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലെ പ്രദേശങ്ങളുമാണ് ജില്ലയിലെ ഹോട്ട്സ്പോട്ടുകൾ.
ഇന്നലെ രണ്ട് ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ അഞ്ച് പേർക്കാണ് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 11 ആയി. ഇന്നലെ വടയാർ, ഒളശ്ശ, ചാന്നാനിക്കാട്, കിടങ്ങൂർ, വെള്ളൂർ എന്നിവിടങ്ങളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
വർധിച്ചു വരുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ ജില്ലയിലെ ലോക്ക്ഡൗൺ ഇളവുകൾ പൂർണ്ണമായി നീക്കിയിരുന്നു. ഇന്ന് മുതൽ ലോക്ക് ഡൗൺ ഇളവുകൾ ഉണ്ടായിരിക്കില്ലെന്ന് കോട്ടയത്തെ ജില്ലാ ഭരണകൂടം അറിയിച്ചു. നിരീക്ഷണ പട്ടികയിൽ പുറത്തുള്ളവർക്ക് പുതുതായി രോഗം കണ്ടെത്തിയതോടെയാണ് തീരുമാനം.
ഇന്നലെ രോഗം കണ്ടെത്തിയ അഞ്ച് പേരും നിരീക്ഷണത്തിൽ ഉള്ളവരല്ല എന്നത് ആശങ്ക ഉയർത്തുന്നുണ്ട്. മുമ്പ് കൊവിഡ് സ്ഥിരീകരിച്ച ചുമട്ട് തൊഴിലാളിക്ക് രോഗം പകർന്നത് എവിടെ നിന്നെന്നും കണ്ടെത്താനായില്ല. എന്നാൽ ഇയാളുമായി സമ്പർക്കത്തിൽ വന്നവരുടെ ലിസ്റ്റിൽ ഇതുവരെ പുറത്തു വന്ന സാമ്പിൾ ഫലങ്ങളെല്ലാം നെഗറ്റീവാണ്.
കോട്ടയം ജില്ലാ ആശുപത്രിയിലെ നഴ്‌സായ ഒളശ്ശ സ്വദേശിയും, തിരുവനന്തപുരം ആർസിസിയിൽ ജോലി ചെയ്യുന്ന പുന്നത്തുറ സ്വദേശിനിയുമാണ് രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകർ. വൈക്കം വെള്ളൂരിലെ റെയിൽവെ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി, വൈക്കം വടയാറിലെ വ്യാപാരി, പനച്ചിക്കാട് ചാന്നാനിക്കാട്ടെ വിദ്യാർത്ഥിനി എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ.
Story Highlights: 15 hotspots in kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here