ചില കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്ന് ഹർഭജന്റെ ട്വീറ്റ്; പിന്നാലെ ഡിലീറ്റ് ചെയ്തു: വിവാദം

2011 ലോകകപ്പ് കിരീടം ടീമിൽ കളിച്ച താരങ്ങൾ പിന്നീടൊരിക്കലും ഒരുമിച്ച് കളിക്കാതിരുന്നതിനെ പറ്റി ചില കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്ന ട്വീറ്റുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ട്വീറ്റ് പോസ്റ്റ് ചെയ്ത് അല്പ സമയം കഴിഞ്ഞപ്പോൾ അദ്ദേഹം അത് നീക്കം ചെയ്തെങ്കിലും ട്വീറ്റിൻ്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
“എല്ലാവരില്‍ നിന്നും എല്ലാവരേയും അകറ്റി നിര്‍ത്താന്‍ ആരെല്ലാമാണ് കളിച്ചത് എന്ന് വെളിപ്പെടുത്തേണ്ട സമയം വരും. ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചിരുന്നു. ഞാന്‍ ഒരു പുസ്തകമെഴുതേണ്ട സമയമായെന്ന് തോന്നുന്നു. സംഭവിച്ചതിനെ എല്ലാം കുറിച്ച് ഒരു സത്യസന്ധമായ പുസ്തകം”- ഇങ്ങനെയായിരുന്നു ഹർഭജൻ്റെ ട്വീറ്റ്. എന്നാൽ പിന്നീട് അദ്ദേഹം ട്വീറ്റ് നീക്കം ചെയ്തു.
2011ൽ ലോക കിരീടം നേടിയ ടീമിലെ അംഗങ്ങൾ പിന്നീട് ഒരിക്കലും ഒരുമിച്ച് കളിച്ചിട്ടില്ല. ലോകകപ്പിനു ശേഷം 2012ൽ നടന്ന കോമൺവെൽത്ത് പരമ്പരയിൽ ധോണി റൊട്ടേഷന്‍ പോളിസി സ്വീകരിച്ചിരുന്നു. പരമ്പരയിൽ സച്ചിൻ, സെവാഗ്, ഗംഭീർ തുടങ്ങിയ കളിക്കാരെ ടീമിൽ ഒരുമിച്ച് കളിക്കാൻ അനുവദിക്കാതിരുന്ന ധോണി ഭാവിയിലേക്കുള്ള ടീമിനെ രൂപപ്പെടുത്തുകയാണെന്നാണ് വിശദീകരിച്ചത്. അടുത്ത ലോകകപ്പിലേക്ക് ടീമിനെ തയ്യാറാക്കണമെന്നും അതു കൊണ്ട് മൂവരും ഒരുമിച്ച് കളിക്കരുതെന്നുമായിരുന്നു ധോണിയുടെ പക്ഷം. പക്ഷേ, ആദ്യത്തെ ചില മത്സര ഫലങ്ങൾ പ്രതികൂലമായതോടെ മൂവരെയും ഒരുമിച്ച് കളിപ്പിക്കാൻ ധോണി തയ്യാറാവുകയായിരുന്നു.
ധോണിയുടെ ഈ നീക്കം കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അടുത്തിടെ ഗംഭീർ തന്നെ ധോണിക്കെതിരെ രംഗത്തുവന്നിരുന്നു. താരങ്ങളോട് ആലോചിക്കാതെ തീരുമാനം മാധ്യമങ്ങളോട് വെളിപ്പെടുത്തി എന്നായിരുന്നു ഗംഭീറിൻ്റെ വെളിപ്പെടുത്തൽ.
Story Highlights: controversial tweet by Harbhajan Singh; later deletes it
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here