രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30,000 ലേക്ക്; 24 മണിക്കൂറിനിടെ 51 മരണം

രാജ്യത്ത് കൊവിഡ് മരണ സംഖ്യ ഉയരുന്നു. 24 മണിക്കൂറിനിടെ 51 പേർക്കാണ് ജീവൻ നഷ്ടമായത്. കൊവിഡ് ബാധിച്ച് 937 പേർ ഇതുവരെ മരിച്ചു. 29,974 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 7027 പേർ രോഗമുക്തി നേടി.

രാജ്യത്ത് 24 മണിക്കൂറിനിടെ 1,594 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ അധികവും മഹാരാഷ്ട്രയിലാണ്. ധാരാവിയിൽ മാത്രം 42 പേർക്ക് രോഗം സ്ഥിരീകരിച്ചു. ധാരാവിയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്നാണ്. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 330 ആയി. ഇന്ന് മാത്രം നാല് പേർ മരിച്ചു. ധാരാവിയിൽ കൊവിഡ് ബാധിച്ച് പതിനെട്ട് പേർക്ക് ജീവൻ നഷ്ടമായി.

ഡൽഹിയിൽ സിആർപിഎഫ് ജവാൻ കൊവിഡ് ബാധിച്ച് മരിച്ചു. മയൂർവിഹാറിലെ സിആർപിഎഫ് ക്യാമ്പിൽ ജോലി ചെയ്തിരുന്ന 55 കാരനായ ഉദ്യോഗസ്ഥനാണ് മരിച്ചത്. ഇതേ ക്യാമ്പിലെ 24 ഓളം ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, സുപ്രിംകോടതിയിലെ 36 സുരക്ഷാ ജീവനക്കാരെ നിരീക്ഷണത്തിലാക്കി. സുപ്രിംകോടതി ജീവനക്കാരന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. അതേസമയം തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. ഇന്ന് മാത്രം 121 പുതിയ കേസുകളാണ് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top