ജെസ്‌നയ്ക്ക് തൊട്ടരികിൽ ക്രൈംബ്രാഞ്ച്; നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന

ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി ക്രൈംബ്രാഞ്ച്. ബംഗളൂരു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ജെസ്‌നയെ കണ്ടെത്തിയതായാണ് സൂചന. ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലുള്ള പെൺകുട്ടിയെ ഉടൻ നാട്ടിലെത്തിക്കുമെന്നും വിവരമുണ്ട്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് നിർണായക വിവരങ്ങൾ പുറത്തുവിടുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി അറിയിച്ചു.
കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയായ ജെസ്‌ന മരിയ ജയിംസിനെ കാണാതായി രണ്ടു വർഷം പിന്നിടുമ്പോളാണ് നിർണായക വിവരങ്ങൾ പുറത്തുവരുന്നത്. ആദ്യം ലോക്കൽ പൊലിസ് അന്വേഷിച്ചിട്ടും വിവരങ്ങൾ ഒന്നും ലഭിച്ചില്ല. 2018 മേയ് 27ന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവ് പുറത്തിറക്കി. പത്തനംതിട്ട പൊലീസ് മേധാവി ഓപ്പറേഷണൽ ഹെഡ് ആയും തിരുവല്ല ഡിവൈഎസ്പി മുഖ്യ അന്വേഷണ ഓഫീസറുമായാണ് സംഘം രൂപീകരിച്ചത്. ജെസ്‌നയെ കണ്ടെത്തുന്നവർക്ക് ആദ്യം പ്രഖ്യാപിച്ച ഒരു ലക്ഷംരൂപ അഞ്ചു ലക്ഷമായും ഉയർത്തി. മലപ്പുറത്തെ കോട്ടക്കുന്നിൽ ജെസ്‌നയെ കണ്ടെന്ന വിവരത്തെത്തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്നാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്നത്.
ക്രൈംബ്രാഞ്ച് മേധാവിയായി ടോമിൻ ജെ തച്ചങ്കരി ചുമതലയേറ്റതിന് പിന്നാലെ മുൻഗണനാ പട്ടികയിലുണ്ടായിരുന്ന പത്ത് കേസുകളിൽ ഒന്നായിരുന്നു ജെസ്‌നയുടെ തിരോധാനം. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കേസിൽ അന്വേഷണത്തിനായി ടോമിൻ ജെ തച്ചങ്കരി പ്രത്യേക സംഘത്തെ രൂപീകരിച്ചു. രണ്ട് ലക്ഷത്തിലധികം ഫോൺ കോളുകളും എഴുന്നൂറിലധികം മൊഴികളും ശേഖരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. ബംഗളൂരവും മൈസൂരും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതിനിടെ ജെസ്‌നയെയും സുഹൃത്തിനെയും ബംഗളൂരുവിലെ ഒരു സ്ഥാപനത്തിൽ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നൽകിയെങ്കിലും ജെസ്‌നയല്ലെന്ന് പിന്നീട് വ്യക്തമായി. ബെംഗളൂരു എയർപോർട്ടിലും മെട്രോയിലും ജെസ്‌നയെ കണ്ടതായി സന്ദേശങ്ങൾ ലഭിച്ചതനുസരിച്ച് പൊലീസ് സംഘം പലതവണ ബെംഗളൂരുവിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. എന്നാൽ അതൊന്നും ജെസ്‌നയുടേതായിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here