സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് രോഗബാധ; 10 പേർ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 10 പേർ രോഗമുക്തരായി. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
വൈറസ് ബാധ സ്ഥിരീകരിച്ച 10 പേരിൽ 6 പേർ കൊല്ലം ജില്ലക്കാരാണ്. തിരുവനന്തപുരം, കാസർഗോഡ് ജില്ലകൾ രണ്ട് പേർക്ക് വീതം രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഒരാൾ ആന്ധ്രയിൽ നിന്ന് വന്നു. തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽ നിന്ന് വന്ന ആളാണ്. കാസർഗോഡ് ജില്ലയിലെ രണ്ട് പേർക്കും സമ്പർക്കത്തിലൂടെയാണ് അസുഖം പകർന്നത്.
നെഗറ്റീവായവരിൽ 3 പേർ വീതം കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലും ഒരാൾ പത്തനംതിട്ട ജില്ലയിലുമാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് ആരോഗ്യപ്രവർത്തകരും ഒരു മാധ്യമപ്രവർത്തകനും ഉൾപ്പെട്ടിട്ടുണ്ട്. കാസർഗോഡുള്ള ഒരു ദൃശ്യമാധ്യമപ്രവർത്തകനാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇതുവരെ 495 പേർക്കാണ് സംസ്ഥാനത്ത് അസുഖം സ്ഥിരീകരിച്ചത്. 123 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 20673 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 20122 പേർ വീടുകളിലും 51 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 84 പേരെ ആശുപത്രിയിലാക്കി. ഇതുവരെ 24952 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 23880 എണ്ണത്തിൽ രോഗബാധയില്ലെന്ന് കണ്ടെത്തി. ആരോഗ്യപ്രവർത്തകർ. അതിഥി തൊഴിലാളികൾ, സാമൂഹ്യ സമ്പർക്കം കൂടുതലുള്ള വ്യക്തികൾ എന്നിവരിൽ നിന്ന് ശേഖരിച്ച 875 സാമ്പിളുകളിൽ 801 എണ്ണം നെഗറ്റീവ് ആണ്.
Story Highlights: 10 more covid 19 cases in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here