Advertisement

കൊവിഡ് ആരോഗ്യപ്രവർത്തകർക്ക് തുണയായി റോബോട്ടിനെ നിർമിച്ച് ദുർഗാപൂർ സെൻട്രൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

April 29, 2020
2 minutes Read

കൊവിഡിനെതിരായി രാപകൽ പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് തുണയായാൻ ദുർഗാപൂരിലെ സെൻട്രൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സിഎസ്‌ഐആർ ലാബ് ഒരു റോബോട്ടിനെ നിർമിച്ചു. ഹോസ്പിറ്റൽ കെയർ അസിസ്റ്റീവ് റോബോട്ടിക് ഡിവൈസ് ആണ് ഈ പുതിയ താരം. ചലിക്കാൻ കഴിയുന്ന ഈ റോബോട്ടിനെ രോഗികൾക്ക് ഭക്ഷണവും മരുന്നും നൽകുക, അവരുടെ സ്രവസാമ്പിളുകൾ ശേഖരിക്കുക, ആശയവിനിമയം നടത്തുക എന്നിവയ്ക്കും പ്രയോജനപ്പെടുത്താം. റോബോട്ടിന്റെ രംഗപ്രവേശം ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ഭീഷണി കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.

വിവിധ കഴിവുകൾ വശമുള്ള റോബോട്ട് സ്വമേധയായും മനുഷ്യനിയന്ത്രിതമായും പ്രവർത്തിക്കും. പ്രത്യേക കൺട്രോൾ സ്റ്റേഷനിലൂടെയാണ് ഇതിന്റെ പ്രവർത്തനം നിയന്ത്രിക്കുക. ശാരീരിക അകലം പാലിച്ച് കൊവിഡ് രോഗികളെ പരിപാലിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ഈ റോബോട്ട് കൂടുതൽ പ്രയോജനപ്രദമാകുമെന്ന് സിഎസ്‌ഐആർ- സിഎംഇആർഐ ഡയറക്ടർ പ്രൊ.(ഡോ) ഹരീഷ് ഹിറാനി പറഞ്ഞു. 80 കിലോഗ്രാം മാത്രം ഭാരമുള്ള റോബോട്ടിന് അഞ്ചു ലക്ഷം രൂപയിൽ താഴെ മാത്രമാണ് ചെലവെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19 ന് എതിരായ പോരാട്ടത്തിൽ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളാണ് സിഎസ്‌ഐആർ- സിഎംഇആർഐ നടത്തുന്നത്. കൊവിഡിനെ പ്രതിരോധിക്കാൻ പ്രധാനമാർഗമായി ലോകാരോഗ്യസംഘടന നിർദേശിച്ചിട്ടുള്ള വ്യക്തിസംരക്ഷണ വസ്ത്രം(പി.പി.ഇ), ആരോഗ്യസ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും വേണ്ടി സമൂഹതല സുരക്ഷാ ഉപാധി എന്നിവ വികസിപ്പിച്ചെടുക്കുന്നതിൽ സിഎസ്‌ഐആർ- സിഎംഇആർഐ പ്രത്യേക ശ്രമം നടത്തുന്നുണ്ട്.

അണുനാശിനി അറ, റോഡുകളിലെ അണിനാശിനി യൂണിറ്റുകൾ, മുഖാവരണം, മെക്കാനിക്കൽ വെന്റിലേറ്ററുകൾ, ആശുപത്രി മാലിന്യസംസ്‌കരണ യൂണിറ്റുകൾ എന്നിവയും സിഎസ്‌ഐആർ- സിഎംഇആർഐ ഗവേഷകർ ഇതിനോടകം വികസിപ്പിച്ചെടുത്തു.

Story highlight: Durgapur Central Mechanical Engineering Research Institute create robot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top