കണ്ണൂരിലെ കടുത്ത നിയന്ത്രണം; കളക്ടറും പൊലീസും തമ്മിൽ ഭിന്നത

കണ്ണൂരിലെ കടുത്ത നിയന്ത്രണങ്ങളെച്ചൊല്ലി ജില്ലാ കളക്ടറും പൊലീസും തമ്മിൽ ഭിന്നത. പൊലീസ് നടപടിയിൽ അതൃപ്തിയറിയിച്ച് കളക്ടർ ജില്ലാ പൊലീസ് മേധാവിക്ക് കത്തയച്ചു. ഏകപക്ഷീയമായാണ് പൊലീസ് നടപടി എടുക്കുന്നതെന്ന് ജില്ലാ കളക്ടർ ടി.വി സുഭാഷ് പറഞ്ഞു. ഹോട്ട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളിൽ പൊലീസ് അടച്ച വഴികൾ തുറക്കണമെന്നും കളക്ടർ ഉത്തരവിട്ടു.
ഐ. ജിമാരായ വിജയ് സാഖറെ, അശോക് യാദവ് എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിൽ കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങളിലാണ് ജില്ലാ കളക്ടർ അതൃപ്തി അറിയിച്ചത്. ഹോട്ട്സ്പോട്ട് അല്ലാത്ത മേഖലകളിൽ പോലും റോഡുകൾ പൂർണ്ണമായും അടച്ചത് അനുവദിക്കാനാകില്ലെന്ന് കലളക്ടർ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് അയച്ച കത്തിൽ പറയുന്നു. ഡയാലിസിസ് രോഗികൾക്കടക്കം ആശുപത്രിയിൽ പോകാൻ സാധിക്കുന്നില്ല. കൊവിഡ് കണ്ടെയിൻമെൻ്റ് സോണുകൾ നിശ്ചയിച്ചതിൽ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് കലക്ടറുടെ കണ്ടെത്തൽ.
പൊലീസ് ഏകപക്ഷീയമായാണ് നടപടിയെടുക്കുന്നത്. കലക്ടർ വിളിച്ചു ചേർക്കുന്ന യോഗങ്ങളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരാരും പങ്കെടുക്കുന്നില്ലെന്നും കത്തിൽ വിമർശിക്കുന്നു. ഗതാഗത നിയന്ത്രണമുള്ള സ്ഥലങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും ഉത്തരവിലുണ്ട്. ഐ.ജിമാരാണ് തീരുമാനമെടുത്തത് എന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ മറുപടി. ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ പൊലീസ് സന്ദർശനം നടത്തിയതിന് എതിരെ ആരോഗ്യ വകുപ്പ് ജില്ലാ കളക്ടറെ പരാതി അറിയിച്ചിരുന്നു. പൊലീസ് തയ്യാറാക്കിയ ആപ്പിൽ നിന്ന് കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് കാട്ടി കളക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ടും നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here