വുഹാനിലെ ലാബിൽ നിന്നാണ് കൊറോണ വൈറസ് വ്യാപനം; തെളിവുണ്ടെന്ന് ട്രംപ്

കൊവിഡിന്റെ ഉറവിടം ചൈനയിലെ വുഹാനിലെ ലാബ് ആണെന്ന് വീണ്ടും ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വുഹാനിലെ വൈറസ് പരീക്ഷണശാലയിൽ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവം എന്നതിനെ സംബന്ധിച്ചുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നാണ് അമേരിക്കൻ പ്രസിഡന്റിന്റെ അവകാശവാദം. വൈറ്റ് ഹൗസിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു ട്രംപ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് ഗവേഷണശാലയാണെന്നതിനുള്ള തെളിവുകൾ തന്റെ കൈവശം ഉണ്ടെന്ന് ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി. എന്താണ് തെളിവുകൾ എന്നത് ഇപ്പോൾ പുറത്ത് പറയുന്നില്ലെന്നും ട്രംപ്.

ഇത്തരമൊരു സാഹചര്യത്തിൽ ചൈനയുമായുള്ള വ്യാപാര കരാറിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും വ്യത്യസ്തമായി ഇടപാടുകൾ നടപ്പിലാക്കുമെന്നും ട്രംപ് വ്യക്തമാക്കി. ചൈനയുമായുള്ള വ്യാപാരകരാറിൽ കൂടുതൽ ശക്തവും വ്യക്തവുമായ നടപടി ഉണ്ടാകും. ചൈനീസ് ഉൽപന്നങ്ങൾക്ക് മുകളിൽ കൂടുതൽ നികുതി ചുമത്തിയേക്കാമെന്നും അമേരിക്കൻ പ്രസിഡന്റ് സൂചിപ്പിച്ചു. ഇതിന് മുൻപും കൊവിഡിന്റെ കാര്യത്തിൽ ചൈനക്ക് മേൽ നിരവധി ആരോപണങ്ങൾ ട്രംപ് ഉന്നയിച്ചിരുന്നു. ചൈന മരണക്കണക്കുകളിൽ കൃത്രിമം കാണിക്കുന്നുണ്ടെന്നും നേരത്തെ ട്രംപ് പറഞ്ഞിരുന്നു. അതേസമയം അമേരിക്കയിൽ കൊവിഡ് വ്യാപനം വഷളായിക്കൊണ്ടിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top