കാണുന്നതിലൊക്കെ താളം കണ്ടെത്തുന്ന മനുഷ്യൻ; ഇർഫാൻ ഖാനെപ്പറ്റി ഭാര്യ സുതാപ സിക്ദർ എഴുതുന്നു

ലോകം മുഴുവൻ വ്യക്തിപരമായ നഷ്ടത്തെപ്പറ്റി സംസാരിക്കുമ്പോൾ ഞാനെങ്ങനെയാണ് ഒരു കുടുംബ പ്രസ്താവന എഴുതുക? ലക്ഷക്കണക്കിനാളുകൾ കണ്ണീരൊഴുക്കുമ്പോൾ എനിക്ക് എങ്ങനെയാണ് ഒറ്റപ്പെട്ടു എന്ന് തോന്നൽ ആരംഭിക്കാൻ കഴിയുക? ഇത് ഒരു നഷ്ടമല്ല, ഒരു നേട്ടമാണെന്ന് എല്ലാവർക്കും ഞാൻ ഉറപ്പ് നൽകുകയാണ്. നമ്മളെ അദ്ദേഹം പഠിപ്പിച്ച കാര്യങ്ങൾ നമുക്ക് നേട്ടമാണ്. ഇപ്പോൾ നമ്മൾ അതൊക്കെ നടപ്പിലാക്കാനും വികസിപ്പിക്കാനും ആരംഭിക്കണം. എങ്കിലും ആളുകൾക്ക് അറിയില്ലാത്ത കുറച്ച് കാര്യങ്ങൾ പറയാൻ ഞാൻ ശ്രമിക്കുകയാണ്.
ഞങ്ങൾക്ക് ഈ നഷ്ടം അവിശ്വസനീയമായിരുന്നു. ഇർഫാൻ്റെ വാക്കുകളിൽ, ‘അത് മാന്ത്രികമായിരുന്നു’. അവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും അദ്ദേഹം ഇഷ്ടപ്പെട്ടത് ഇങ്ങനെ ഒന്നായിരുന്നു. അദ്ദേഹം ഒരിക്കലും ഏകമാന യാഥാർത്ഥ്യത്തെ ഇഷ്ടപ്പെട്ടിരുന്നില്ല. എനിക്ക് അദ്ദേഹത്തോട് ഒരു കാര്യത്തിലേ വിരോധം ഉണ്ടായിരുന്നുള്ളൂ. എൻ്റെ ജീവിതം ആകെ അദ്ദേഹം വഷളാക്കിക്കളഞ്ഞു. അദ്ദേഹം പൂർണതക്ക് വേണ്ടി ദാഹിച്ചു കൊണ്ടിരുന്നു. സാധാരണ രീതിയിൽ ഒതുങ്ങാൻ എന്നെ അനുവദിച്ചിരുന്നില്ല. എല്ലാത്തിലും അദ്ദേഹം ഒരു താളം കണ്ടെത്തിയിരുന്നു, അപശ്രുതിയിലും ബഹളത്തിലും പോലും. അങ്ങനെ താളബദ്ധമല്ലാത്ത ശബ്ദവും നൃത്തം വഴങ്ങാത്ത കാലുകളും ആണെങ്കിൽ പോലും ഞാൻ ആ താളം പാടാനും അതിനൊത്ത് ആടാനും പഠിച്ചു. രസം എന്താണെന്ന് വെച്ചാൽ, ഞങ്ങളുടെ ജീവിതം ഒരു ഗംഭീര അഭിനയമായിരുന്നു. അതുകൊണ്ട് തന്നെ ക്ഷണിക്കപ്പെടാത്ത അതിഥി നാടകീയമായി രംഗപ്രവേശനം ചെയ്തപ്പോൾ അപശ്രുതിയിലും സ്വരച്ചേർച്ച കണ്ടെത്താൻ ഞാൻ പഠിച്ചിരുന്നു. ഡോക്ടർമാരുടെ കുറിപ്പടികൾ, കുറ്റമറ്റതാവണമെന്ന് ഞാൻ വാശിപിടിച്ച തിരക്കഥകൾ പോലെയിരുന്നു. അങ്ങനെയാകുമ്പോൾ അദ്ദേഹം തൻ്റെ പ്രകടനത്തിനായി തിരഞ്ഞ യാതൊന്നും ഞാൻ നഷ്ടപ്പെടുത്തില്ല എന്ന് എനിക്ക് ഉറപ്പിക്കാമായിരുന്നു.
ഞങ്ങൾ, ജീവിത യാത്രയിൽ അസാമാന്യരായ കുറേ ആളുകളെ കണ്ടുമുട്ടിയിട്ടുണ്ട്. പട്ടിക അനന്തമാണ്. പക്ഷേ, ഇവിടെ പറയേണ്ട ചിലരുണ്ട്. തുടക്കത്തിൽ ഞങ്ങളുടെ കൈപിടിച്ച ഞങ്ങളുടെ ഓങ്കോളജിസ്റ്റ് ഡോ. നിതേഷ് റൊഹ്തഗി (മാക്സ് ആശുപത്രി, മുംബൈ). ഡോ. ഡാൻ ക്രെൽ (യുകെ), ഡോ. ഷിദ്രവി (യുകെ), എൻ്റെ ഹൃദയത്തുടിപ്പും ഇരുട്ടിൽ പ്രകാശം ആവുകയും ചെയ്ത ഡോ. സേവന്തി ലിമായേ (കോകിലാബെൻ ആശുപത്രി). എത്ര സുന്ദരവും ഗംഭീരവും ഊഷ്മളവും വേദനാജനകവും ആവേശകരവുമായിരുന്ന യാത്രയായിരുന്നു അത്. 35 വർഷത്തെ ഞങ്ങളുടെ കൂട്ടുകെട്ടിൽ, ഇക്കഴിഞ്ഞ രണ്ടര വർഷം ഒരു ഇടവേളയായിരുന്നു. തുടക്കവും മധ്യവും പൂർണതയും അതിനുണ്ടായിരുന്നു. ഇർഫാൻ ആയിരുന്നു ഓർകസ്ട്ര കണ്ടക്ടർ. ഞങ്ങളുടേത് ഒരൂ വിവാഹമല്ല, ഒരു കൂടിച്ചേരലായിരുന്നു.
ഞാൻ എൻ്റെ കുടുംബത്തെ ഒരു വഞ്ചിയോട് ഉപമിക്കുകയാണ്. ഞങ്ങളുടെ മക്കൾ ബാബിലും അയാനും വഞ്ചി തുഴയുന്നു. ഇർഫാൻ അവരെ വഴികാട്ടുന്നു, ‘അവിടേക്കല്ല, ഇവിടേക്ക് തിരിക്കൂ’. പക്ഷേ, ജീവിതം സിനിമയല്ല, റീടേക്കുകളും ഇല്ല. അതുകൊണ്ട് തന്നെ എൻ്റെ മക്കൾ അവരുടെ പിതാവിൻ്റെ വഴികാട്ടൽ മനസ്സിലേക്കെടുത്ത് കൊടുങ്കാറ്റിലൂടെ ആ ബോട്ട് സുരക്ഷിതമായി തുഴയുമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. പിതാവ് പഠിപ്പിച്ച ഏതെങ്കിലും പ്രധാനപ്പെട്ട ഒരു പാഠം, കഴിയുമെങ്കിൽ എനിക്ക് കൂടി പറഞ്ഞ് തരാൻ ഞാൻ അവരോട് അഭ്യർത്ഥിച്ചു.
ബാബിൽ: “അനിശ്ചിതത്വത്തിൻ്റെ പാഠങ്ങൾ മറന്ന് പ്രപഞ്ച സത്യത്തിൽ വിശ്വസിക്കൂ”
അയാൻ: “നിൻ്റെ ചിന്തയെ നീ നിയന്തിക്കണം, ചിന്ത നിന്നെ നിയന്ത്രിക്കരുത്”
വിജയഭേരി മുഴക്കിയ യാത്രക്ക് ശേഷം നിങ്ങൾ അദ്ദേഹത്തെ എവിടെയാണോ വിശ്രമിക്കാൻ അനുവദിക്കുന്നത്, അവിടെ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട മുല്ല നടുമ്പോൾ ഞങ്ങളുടെ കണ്ണ് നിറയും. സമയമെടുത്താലും അത് പൂക്കും. അതിൻ്റെ സുഗന്ധം ഞാൻ ആരാധകർ എന്നല്ല, കുടുംബം എന്ന് വിളിക്കുന്നവരുടെ ആത്മാക്കളെ വരും കാലങ്ങളിൽ സ്പർശിക്കും.
(ഇർഫാൻ ഖാൻ്റെ ഭാര്യ സുതാപ സിക്ദർ പുറത്തിറക്കിയ വാർത്താകുറിപ്പിൻ്റെ സ്വതന്ത്ര പരിഭാഷ)
Story Highlights: irrfan khans wife sutapa sikdar statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here