ഭരണഘടനാപരമായ ഉത്തരവാദിത്തം സുപ്രിംകോടതിക്ക് നിറവേറ്റാൻ സാധിക്കുന്നില്ല; ജസ്റ്റിസ് ലോക്കൂർ

സുപ്രിംകോടതിയുടെ അടുത്ത കാലത്തെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ സുപ്രിംകോടതി ജസ്റ്റിസ് മദൻ ബി ലോക്കൂർ. ഭരണഘടനാപരമായ ഉത്തരവാദിത്തം സുപ്രിംകോടതിക്ക് നിറവേറ്റാൻ സാധിക്കുന്നില്ലെന്നും ദ വയറിന് വേണ്ടി കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. നല്ല രീതിയിൽ പ്രവർത്തിക്കാനുള്ള കഴിവ് സുപ്രിംകോടതിക്കുണ്ട്. എന്നാലും അവർ ആത്മപരിശോധന നടത്തണം. കോടതി നല്ല രീതിയിൽ പ്രവർത്തിക്കേണ്ട സമയമാണിതെന്ന് ലോക്കൂർ പറയുന്നു. കോടതിയുടെ പ്രവർത്തനങ്ങളിൽ താൻ നിരാശനാണെന്നും ലോക്കൂർ.
അന്യ സംസ്ഥാന തൊഴിലാളികളുടെ കാര്യം ഉദാഹരണമാക്കിയെടുത്ത അദ്ദേഹം ഇത്തരം പ്രശ്‌നങ്ങളിൽ ഉചിതമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് പറഞ്ഞ് മാറി നിൽക്കുകയായിരുന്നില്ല കോടതി ചെയ്യേണ്ടിയിരുന്നതെന്ന് വ്യക്തമാക്കി. അടിസ്ഥാനപരമായിട്ടുള്ള തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകേണ്ടതുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ അതിനായിരുന്നു വലിയ പ്രധാന്യം നൽകേണ്ടിയിരുന്നത്. ഉചിതമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് പറയുന്നതിന്റെ കൂടെ കോടതിക്കും ഉത്തരവാദിത്തങ്ങളുണ്ട്. ഹർജി തീർപ്പാക്കാൻ മൂന്ന് ആഴ്ചയെടുത്തതിനെയും അദ്ദേഹം വിമർശനവിധേയമാക്കി. കൂടാതെ തൊഴിലുറപ്പുമായി ബന്ധപ്പെട്ട ഹർജികള്‍ സുപ്രിംകോടതി മാറ്റിവച്ചതും ലോക്കൂർ പരാമർശിച്ചു.
പൗരാവകാശങ്ങൾക്ക് പ്രാധാന്യം നൽകേണ്ട സമയമല്ല ഇതെന്ന് കഴിഞ്ഞ ദിവസം ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ ജസ്റ്റിസ് ബോബ്ഡെ പറഞ്ഞിരുന്നു. ഈ പ്രസ്താവനയെയും മദൻ ബി. ലോക്കൂർ അഭിമുഖത്തിൽ വിമർശിച്ചു. അത് തെറ്റായ കാഴ്ചപ്പാടാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ യാതൊരു അടിയന്തര പ്രധാന്യവുമില്ലായിരുന്ന അർണബ് ഗോസ്വാമിയുടെ ഹർജിയാണ് കോടതി പരിഗണിച്ചത്. പൗരത്വ നിയമ ഭേദഗതി, ജമ്മു കശ്മീർ വിഷയം എന്നിവയുമായി ബന്ധപ്പെട്ട ഹർജികൾ വാദം കേൾക്കുന്നത് കോടതി മാറ്റിവച്ചത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ലോക്കൂർ.
Story highlights-justice madan b lokkur criticizes sc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here