മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലെത്തിയ ഏഴ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ്

മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് മടങ്ങി എത്തിയ ഏഴ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ്. കിഴക്കൻ ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിഥി തൊഴിലാളികൾക്ക് യാത്ര ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിന് പിന്നാലെ ഉത്തർപ്രദേശിൽ എത്തിയവർക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.
ഈ ആഴ്ച ആദ്യമാണ് സംഘം ഉത്തർപ്രദേശിൽ എത്തിയത്. തുടർന്ന് ക്വാറന്റീനിൽ കഴിയുകയായിരുന്നു. സ്രവ പരിശോധനയുടെ ഫലം പുറത്തുവന്നപ്പോൾ പോസിറ്റീവ് ആയിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി ക്വാറന്റീനിൽ പാർപ്പിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു.
അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയായിരുന്നു. ഗതാഗത സംവിധാനങ്ങൾ നിലച്ചതോടെ ഇവർ കാൽ നടയായി വീട്ടിലേക്ക് മടങ്ങുന്നതിന്റെ വാർത്തകൾ പുറത്തുവന്നിരുന്നു. ഏപ്രിൽ അവസാനവാരമാണ് അതിഥി തൊഴിലാളികൾക്ക് മടങ്ങാൻ കേന്ദ്ര സർക്കാർ സൗകര്യം ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here