Advertisement

അതിഥി തൊഴിലാളികളെ കൊണ്ടുപോയതിന്റെ ചെലവ് കേന്ദ്ര സർക്കാർ വഹിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

May 2, 2020
Google News 2 minutes Read

അതിഥി തൊഴിലാളികളെ കൊണ്ടുപോയതിന്റെ ട്രെയിന് ചാർജ്, ഭക്ഷണം, വൈദ്യസഹായം എന്നിവയുടെ ചെലവ് കേന്ദ്ര സർക്കാർ വഹിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 7500 രൂപ വീതം ഓരോ തൊഴിലാളിക്കും ട്രെയിനിൽ നിന്നും ഇറങ്ങുമ്പോൾ നൽകണം. മൊത്തം ചെലവ് 7500 കോടി രൂപയേ വരൂ. ഇതുവരെ അവരോട് കാണിച്ച അവഗണനയ്ക്ക് ഒരു പ്രായശ്ചിത്തം ചെയ്യുന്നൂവെന്ന് കരുതിയാൽ മതിയെന്നും ധനമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യയിൽ ഭരണഘടന പ്രകാരം അന്തർസംസ്ഥാന കുടിയേറ്റവും അന്തർദേശീയ കുടിയേറ്റവും കേന്ദ്രലിസ്റ്റിലാണ്. കേന്ദ്രസർക്കാരിന്റെ ചുമതലയാണ്. ഇത് സംസ്ഥാനങ്ങളുടെ ചുമതലയിൽകെട്ടി കൈ കഴുകാൻ പറ്റില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

ധനമന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ;

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് ഒരു കത്ത് എഴുതി. പഞ്ചാബിൽ ഇന്നുള്ള അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികളെ നാട്ടിൽ അയയ്ക്കാൻ 1,70,000 ബസ്സുകൾ വേണം. ഒരു ബസിൽ 25 പേരെയല്ലേ ഉൾക്കൊള്ളിക്കാനാകൂ. ലൂധിയാന പട്ടണത്തിൽ മാത്രം ഏഴ് ലക്ഷം തൊഴിലാളികൾ നാട്ടിൽ പോകാൻ കാത്തിരിക്കുകയാണ്. തൊഴിലാളികളെ ബസിൽ വീട്ടിൽ വിടുകയെന്ന നയം അപ്രായോഗികമാണ്.

ബിജെപി മുന്നണി ഭരിക്കുന്ന ബീഹാറിൽ നിന്നും ഇതുപോലെ നിശിതവിമർശനം ഉയർന്നു. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും ഈ അഭിപ്രായക്കാരാണ്. കേരളം ആവശ്യപ്പെട്ടത് നോൺ- സ്റ്റോപ്പ് ട്രെയിനുകൾ വേണമെന്നാണ്. ഇതിൽ ഭക്ഷണവും വൈദ്യസഹായവുമെല്ലാം ഉണ്ടാവണം.

എന്തുകൊണ്ട് കേന്ദ്രസർക്കാർ ട്രെയിൻ ഉപേക്ഷിച്ച് ബസിനെ തെരഞ്ഞെടുത്തു? ട്രെയിനാണെങ്കിൽ ചെലവ് കേന്ദ്രത്തിന്റെ തലയിൽ വരും അത്ര തന്നെ. ബസിനുള്ള ഏർപ്പാടുകൾ അയക്കുന്ന സംസ്ഥാനവും സ്വീകരിക്കുന്ന സംസ്ഥാനവും നേരിട്ട് ചർച്ച ചെയ്ത് തീരുമാനിച്ചുകൊള്ളണമെന്നാണ് കേന്ദ്രസർക്കാരിന്റെ ഇണ്ടാസ്.

ഇത്ര നിരുത്തരവാദപരമായ ഒരു തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് എങ്ങനെ കഴിഞ്ഞു? ഇന്ത്യയിൽ ഭരണഘടന പ്രകാരം അന്തർസംസ്ഥാന കുടിയേറ്റവും അന്തർദേശീയ കുടിയേറ്റവും കേന്ദ്രലിസ്റ്റിലാണ്. കേന്ദ്രസർക്കാരിന്റെ ചുമതലയാണ്. ഇത് സംസ്ഥാനങ്ങളുടെ ചുമതലയിൽകെട്ടി കൈ കഴുകാൻ പറ്റില്ല.

ഏതായാലും വ്യാപകമായ പ്രതിഷേധത്തെതുടർന്ന് സത്ബുദ്ധി തെളിഞ്ഞു. ട്രെയിനുകൾ ലഭ്യമാക്കാൻ തീരുമാനിച്ചു. കേരളത്തിൽ നിന്നും ആദ്യത്തെ ട്രെയിൻ ഇന്നലെ പോയി. അതിഥി തൊഴിലാളികളെ കേരളം യാത്രയാക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടപ്പോൾ അഭിമാനം തോന്നി. എല്ലാ കരുതലോടുംകൂടിയാണ് അവരെ യാത്രയാക്കുന്നത്.

ഒന്ന്, ട്രെയിൻ ലഭ്യമാക്കിയാൽ പോരാ, അതിന്റെ ചെലവും കേന്ദ്രസർക്കാർ വഹിക്കണം. റെയിൽവേ മന്ത്രാലയം പറയുന്നത് സംസ്ഥാനം വഹിക്കണമെന്നാണ്. രണ്ട്, ഭക്ഷണം, വൈദ്യസഹായം എന്നിവയുടേതടക്കമുള്ള ചെലവ് കേന്ദ്രം വഹിക്കണം.

മൂന്ന്, 7500 രൂപ വീതം ഓരോ തൊഴിലാളിക്കും ട്രെയിനിൽ നിന്നും ഇറങ്ങുമ്പോൾ നൽകണം. മൊത്തം ചെലവ് 7500 കോടി രൂപയേ വരൂ. ഇതുവരെ അവരോട് കാണിച്ച അവഗണനയ്ക്ക് ഒരു പ്രായശ്ചിത്തം ചെയ്യുന്നൂവെന്ന് കരുതിയാൽ മതി.

 

Story highlights-Finance Minister Thomas Isaac says the central government should bear the cost of transporting the guest workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here