Advertisement

ഇതര സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങി വരുന്നവർക്കായി നോൺ സ്റ്റോപ്പ് ട്രെയിൻ അനുവദിക്കണം: മുഖ്യമന്ത്രി

May 4, 2020
Google News 1 minute Read

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങി വരുന്നവർക്കായി പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിനുകൾ കേരളത്തിലേക്ക് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ട്രെയിനുകളിൽ സംസ്ഥാനത്തേക്ക് മടങ്ങി വരാൻ അപേക്ഷിച്ചിരിക്കുന്ന മലയാളികളെ അയക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ഒപ്പം, ശാരീരിക അകലവും മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇവരെ കൊണ്ടുവരുന്നതിനായി പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിനുകൾ കേരളത്തിലേക്ക് അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്തിനു പുറത്തുള്ളവരും ഇങ്ങോട്ട് വരാൻ അത്യാവശ്യം ഉള്ളവരുമായ എല്ലാവരെയും തിരിച്ചെത്തിക്കുക എന്നതാണ് സർക്കാരിൻ്റെ നയം. ഇതിനാവശ്യമായ നടപടി ക്രമങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നോർക്കയിൽ രജിസ്റ്റർ ചെയ്തവർ അതിൽ ലഭിക്കുന്ന രജിസ്റ്റർ നമ്പർ ഉപയോഗിച്ച് കൊവിഡ് 19 ജാഗ്രതാ പോർട്ടൽ വഴി ബന്ധപ്പെട്ട ജില്ല കളക്ടർമാരിൽ നിന്ന് യാത്രാനുമതി വാങ്ങണം. ഗ്രൂപ്പുകളായി വരാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് ഇനിയും അവസരമുണ്ട്. സംസ്ഥാനത്ത് പ്രവേശിക്കുന്ന ചെക്ക്പോസ്റ്റ്, എത്തുന്ന തിയതിയും സമയവും എന്നിവ രേഖപ്പെടുത്തി അപേക്ഷ നൽകണം. കളക്ടർമാർ അനുവദിക്കുന്ന പാസ് മൊബൈൽ ഇ-മെയിൽ വഴിയാണ് നൽകുക. ഏത് സംസ്ഥാനത്തു നിന്നാണീ യാത്ര തിരിക്കുന്നത് അവിടെ നിന്നുള്ള അനുമതിയും, സ്ക്രീനിംഗ് വേണമെങ്കിൽ അതും യാത്ര തിരിക്കുന്നതിനു മുൻപ് ഉറപ്പാക്കണം. നിർദ്ദിഷ്ട സമയത്ത് ചെക്ക് പോസ്റ്റ് എത്തിയാൽ ആവശ്യമായ വൈദ്യ പരിശോധനക്ക് ശേഷം പാസ് കാണിച്ച് സംസ്ഥാനത്തേക്ക് കടക്കാം. അതിർത്തി വരെ വാഹനത്തിൽ വന്ന് മറ്റു വാഹനത്തിൽ സംസ്ഥാനത്തിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നവർ സ്വയം വാഹനം ഏർപ്പെടുത്തണം. ഡ്രൈവർമാർ യാത്രക്ക് ശേഷം ക്വാറൻ്റീനിൽ പോകണം. രോഗലക്ഷണം ഇല്ലാത്തവർക്ക് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാം. രോഗലക്ഷണം ഉള്ളവരെ കൊവിഡ് കെയർ സെൻ്ററിലേക്കോ ആശുപത്രിയിലേക്കോ മാറ്റും. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുടുംബാംഗങ്ങളെ കൂട്ടിക്കൊണ്ടു വരാൻ അങ്ങോട്ട് യാത്ര ചെയ്യണമെങ്കിൽ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുമതി വാങ്ങണം. ഒപ്പം, സ്വന്തം ജില്ലാ കളക്ടർമാരിൽ നിന്നും പാസുകൾ വാങ്ങണം.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് യാത്രക്കാരെ കൊണ്ടുവരുന്ന വാഹനങ്ങൾക്ക് മടക്ക്യാത്രക്ക് അതത് ജില്ലാ കളക്ടർമാർ പാസ് നൽകും. കേരളത്തിലേക്ക് വരുന്ന എല്ലാ യാത്രക്കാരും കൊവിഡ് 19 ജാഗ്രതാ മൊബൈൽ ആപ്പ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യണം. അവിചാരിത ബുദ്ധിമുട്ടുകൾ ഉണ്ടായാൽ സെക്രട്ടറിയേറ്റിലെ വാർ റൂമുമായോ നിർദ്ദിഷ്ട ചെക്ക്പോസ്റ്റുമായോ ബന്ധപ്പെടണം.

മുൻഗണനാ ലിസ്റ്റിൽ പെട്ടവർക്കാണ് ആദ്യ ഘട്ടത്തിൽ യാത്രാനുമതി നൽകുന്നത്. വിദ്യാർത്ഥികൾ, കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കെ ഇതര സംസ്ഥാനങ്ങളിലേക്ക് പോയ മുതിർന്ന പൗരന്മാർ, ഗർഭിണികൾ, ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരൊക്കെ മുൻഗണനാ പട്ടികയിൽ, വരുന്നവർ 14 ദിവസം വീടുകളിൽ കഴിയണം.

കേരളത്തിൽ നിന്ന് ഇതുവരെ 13818 ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലെത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. അവർക്കായി പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: non stop train malayalis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here