പ്രവാസികളെ ഈ മാസം 7 മുതൽ മടക്കി എത്തിക്കും

പ്രവാസികളെ ഈ മാസം ഏഴ് മുതൽ മടക്കി എത്തിക്കുമെന്ന് കേന്ദ്രത്തിൻ്റെ വിജ്ഞാപനം. സ്ഥാനപതി കാര്യാലയങ്ങൾക്ക് തയ്യാറായി നിൽക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രാ ചെലവ് സ്വയം വഹിക്കണമെന്നാണ് നിബന്ധന. മടങ്ങി എത്തിയാൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നും നിബന്ധന വെച്ചിട്ടുണ്ട്.

മടങ്ങാൻ അർഹരായവരുടെ പട്ടിക എംബസികളാണ് തയ്യാറാക്കുക. എത്ര പേരെ മടക്കി അയക്കണം എന്നതടക്കമുള്ള കാര്യങ്ങൾ എംബസികളാവും തീരുമാനിക്കുക. വിമാനമാർഗമോ കപ്പൽ മാർഗമോ ആവും പ്രവാസികളെ തിരികെ എത്തിക്കുക. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരെ വിമാനങ്ങളിൽ തന്നെ എത്തിക്കും. മറ്റിടങ്ങളിൽ നിന്ന് ആദ്യമായി മാലിയിൽ നിന്നുള്ളവർ കപ്പലിൽ കൊച്ചിയിലെത്തും. ഗൾഫിൽ നിന്ന് പ്രതിദിന സർവീസുകൾ ഉണ്ടാവുമെന്നാണ് വിവരം. 14 ദിവസങ്ങൾക്ക് ശേഷം ഇവരുടെ കൊവിഡ് പരിശോധന നടത്തി വേണ്ട നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങിയെത്താൻ അത്യാവശ്യമുള്ളവരെയാവും ആദ്യം എത്തിക്കുക.

നേരത്തെ മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രവാസികളെ ഉടൻ തിരികെ എത്തിക്കുമെന്ന് അറിയിച്ചിരുന്നു. നടപടികൾ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

നോര്‍ക്ക വഴി മാത്രം നാലു ലക്ഷത്തോളം പ്രവാസികളാണ് തിരിച്ചുവരാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് എംബസി മുഖേന രജിസ്റ്റര്‍ ചെയ്ത ആളുകളെയാണ് ആദ്യം തിരികെ കൊണ്ടുവരിക. സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന കണക്കുകള്‍ക്ക് അപ്പുറത്ത് അതാത് എംബസികള്‍ നല്‍കുന്ന മുന്‍ഗണനാ ലിസ്റ്റ് അനുസരിച്ചാകും അന്തിമ ലിസ്റ്റ് തയാറാക്കുക എന്നാണ് വിവരം.

Story Highlights: nris return from 7th

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top