അനാഥൻ, എട്ടാം ക്ലാസിൽ നാടുവിട്ടു; ഇപ്പോൾ സിനിമയിൽ അഭിനയിച്ചും ലോട്ടറി വിറ്റും ജീവിക്കുന്നു: പ്ലസ് ടു വിദ്യാർത്ഥിയെപ്പറ്റി പൊലീസുകാരന്റെ കുറിപ്പ്

ലോക്ക് ഡൗണിനിടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിയെപ്പറ്റി ശ്രദ്ധേയ കുറിപ്പുമായി പൊലീസ് ഉദ്യോഗസ്ഥൻ. സിനിമാക്കഥയെ വെല്ലുന്ന വിദ്യാർത്ഥിയുടെ ജീവിതമാണ് നെടുമ്പാശേരിയിൽ കൊവിഡ് ഡ്യൂട്ടിയിലുള്ള ബിനു പഴയിടത്ത് ആണ് തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വിവരിച്ചത്. കുറിപ്പ് വൈറലാണ്.
Read Also: റിലയൻസ് ജിയോയുടെ 9.9 ശതമാനം ഓഹരി സ്വന്തമാക്കി ഫേസ്ബുക്ക്
ബിനു എഴുതിയ ഫേസ്ബുക്ക് കുറിപ്പ്:
ഈ കുട്ടി ഒരു കുട്ടിയേ അല്ല. ഇത് വിനയ്. പ്ലസ് ടുവിന് പഠിക്കുന്നു. ഡ്യൂട്ടിക്ക് ഇടയിൽ നെടുമ്പാശ്ശേരിയിൽ വച്ചാണ് ആദ്യമായി കണ്ടത്. വളരെ സന്തോഷവാനായി സൈക്കിളിൽ വരുന്ന പയ്യൻ മുഖത്തുനോക്കിചിരിച്ചപ്പോൾ എവിടേക്കാണ് എന്ന് ചോദിച്ചു. അവൻ സൈക്കിൾ നിർത്തി. കമ്മ്യൂണിറ്റി കിച്ചനിൽ നിന്നും ഭക്ഷണം വാങ്ങാൻ എന്നു പറഞ്ഞപ്പോൾ ആകാംക്ഷയാൽ കൂടുതൽ സംസാരിച്ചു. ഡ്യൂട്ടിക്കിടെ പല ദിവസങ്ങളിലും കണ്ടു. അവനോട് സംസാരിച്ചപ്പോഴൊക്കെ അമ്പരന്നു പോയിട്ടുണ്ട്. അവന് അച്ഛനും അമ്മയും ഇല്ലെന്ന് കേട്ടപ്പോൾ, സ്നേഹ വിവാഹത്താൽ വീടുവിട്ടിറങ്ങിയ മാതാപിതാക്കളുടെ, ബന്ധുക്കളാരും ഇല്ലാത്ത മകനാണെന്ന് അറിഞ്ഞപ്പോൾ, അവരുടെ മരണശേഷം ഒരു അകന്ന ബന്ധുവിന്റെ വീട്ടിൽ താമസിക്കുകയും 8-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ അവിടെ നിൽക്കാൻ കഴിയാതെ നാടുവിട്ട് മുംബൈയിൽ എത്തി അവിടെ ജോലി ചെയ്ത് ജീവിച്ച കഥ കേട്ടപ്പോൾ, പഠിക്കാൻ ആഗ്രഹം തോന്നി നാട്ടിലെത്തി ചെറിയ ജോലികൾക്കൊപ്പം കഷ്ടപ്പെട്ട് എസ്എസ്എൽസി പാസായത് കേട്ടപ്പോൾ, അവസാനം നെടുമ്പാശ്ശേരിയിൽ എത്തി വെളുപ്പിന് 3 മണിക്ക് എഴുന്നേറ്റ് എയർപോർട്ടിൽ പോയി ലോട്ടറി വിറ്റു കിട്ടുന്ന രൂപ കൊണ്ടാണ് വീട്ടുവാടകയും പഠന – ജീവിത ചിലവുകളും നടത്തുന്നത് എന്നറിഞ്ഞപ്പോൾ, ഒരു പാക്കറ്റ് ബ്രെഡ് കൊണ്ട് വെള്ളത്തിൽ മുക്കി കഴിച്ച് 3 ദിവസം ജീവിക്കാം എന്നു കേട്ടപ്പോൾ, ജീവിത ലക്ഷ്യവും അതിനായുള്ള ഒരുക്കങ്ങളും മനസ്സിലാക്കിയപ്പോൾ, വലുതാകുമ്പോൾ പണമുണ്ടാക്കി മാതാപിതാക്കളുടെ ബന്ധുക്കളേയും [അവർ എവിടെ എന്ന് അറിയില്ല ] മറ്റുള്ളവരേയും സഹായിക്കണം എന്ന് പറഞ്ഞപ്പോൾ. വെറുതേ പറയലല്ല. അതിനായി ഈ ലോക്ക്ഡൗൺ കാലത്തും പരിശ്രമിക്കുന്നു. നല്ലൊരു സിനിമാ നടനാകാനാണ് ആഗ്രഹം. അതിനായി പലയിടത്തും സമീപിച്ചു. അവസരങ്ങൾ വന്നപ്പോഴേക്കും 250ഓളം ഓഡിഷനുകൾ കഴിഞ്ഞു. 4 ചിത്രങ്ങളിൽ അഭിനയിച്ചു.ലോക്ക്ഡൗൺ ബാധിച്ചു തുടങ്ങി. ലോട്ടറി ഇല്ലല്ലോ.
നിസ്സാര പ്രതിസന്ധികളിൽ പോലും ജീവിതം അവസാനിപ്പിച്ചേക്കാം എന്ന് ചിന്തിക്കുന്നവർ, എല്ലാ സുഖ സൗകര്യങ്ങളും സ്നേഹവും ലഭിച്ചിട്ടും വഴിപിഴച്ചു പോകുന്ന കൗമാരങ്ങൾ, ഇവർ ഉപദേശകരോ, ബന്ധുക്കളോ, സമ്പത്തോ ഇല്ലെങ്കിലും ലക്ഷ്യത്തിലേക്ക് സന്തോഷത്തോടെ നടന്നടുക്കുന്ന ഈ വിനയിനെ കണ്ടു പഠിക്കണം.പ്രായത്തിൽ നീ ഒരു പാട് താഴെ ആണെങ്കിലും വിനയ്, നിന്റെ മൈൻഡ് സെറ്റിന് ഒരു ബിഗ് സല്യൂട്ട്.
Story Highlights: police officer facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here