റിലയൻസ് ജിയോയുടെ 9.9 ശതമാനം ഓഹരി സ്വന്തമാക്കി ഫേസ്ബുക്ക്

ജിയോയിൽ 43,574 കോടി നിക്ഷേപിച്ച് ഫേസ്ബുക്ക്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം സംരംഭമായ ജിയോയുടെ 9.9 ശതമാനമാണ് ഇടപാടിലൂടെ ഫേസ്ബുക്കിന് കൈവശമായിരിക്കുന്നത്. ഫേസ്ബുക്കുമായുള്ള കരാറിലൂടെ ജിയോയുടെ മൂല്യം 4.62 ലക്ഷം കോടിയായി. ഈ ഇടപാടിലൂടെ ജിയോയുടെ ഏറ്റവും വലിയ മൈനോരിറ്റി ഓഹരി ഉടമയായിരിക്കുകയാണ് ഫേസ്ബുക്ക്.
Read Also: ഫേസ്ബുക്ക് ജിയോയുടെ ഓഹരി വാങ്ങാൻ ഒരുങ്ങുന്നു; ഓഹരി വിപണിയിൽ റിലയൻസിന് മുന്നേറ്റം
ജിയോ ഫേസ്ബുക്കിന്റെ പുതിയ സേവനങ്ങൾക്ക് ശക്തി പകരും. ജിയോയുമായി ചേർന്ന് കൂടുതൽ ജനങ്ങളെ ബന്ധിപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് വ്യക്തമാക്കി. സോഷ്യൽ മീഡിയ കമ്പനിയായ ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റിനായുള്ള അനുമതി നേടിക്കഴിഞ്ഞിരിക്കുകയാണ്. അതിനാൽ തന്നെ ഡിജിറ്റൽ പേയ്‌മെന്റിൽ ഗൂഗിൾ പേ, പേടിഎം എന്നിവയുമായി മത്സരിക്കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. ഇന്ത്യയിൽ വാട്സാപ്പിന് 400 ദശലക്ഷം ഉപയോക്താക്കളുണ്ട്. ചെറുകിട ബിസിനസുകളുമായി ബന്ധപ്പെടാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിനായി റിലയൻസിന്റെ ഇ-കൊമേഴ്സ് സംരംഭമായ ജിയോമാർട്ടുമായി സഹകരിക്കും. ഒരു ടെക്‌നോളജി കമ്പനി മൈനോരിറ്റി സ്റ്റോക്കിന് വേണ്ടി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണ് ജിയോയും ഫേസ്ബുക്കുമായി നടന്നത്.
jio, reliance, facebook
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here