തിരിച്ചെത്തുന്നവർ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലോക്ക് ദ ഹൗസ് പദ്ധതിയുമായി കണ്ണൂർ ജില്ലാ ഭരണകൂടം

kannur collector

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും മടങ്ങിയെത്തുന്നവർ സർക്കാർ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ലോക്ക് ദ ഹൗസ് പദ്ധതിയുമായി കണ്ണൂർ ജില്ലാ ഭരണകൂടം. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളില്‍ പ്രത്യേക സ്റ്റിക്കര്‍ പതിക്കും. ‘ഈ വീട് ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയില്‍’ എന്നായിരിക്കും സ്റ്റിക്കര്‍. മറ്റുള്ളവരുടെ അനാവശ്യ സന്ദര്‍ശനങ്ങള്‍ തടയുകയാണ് ലക്ഷ്യം. ക്വാറന്റീന്‍ വ്യവസ്ഥകളും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രാദേശികമായി നിരീക്ഷണവും ഉണ്ടാകും.

ജനകീയ സമിതിയുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ രണ്ട് തരത്തിലുള്ള നിരീക്ഷണ സംവിധാനങ്ങളാണ് നടപ്പിലാക്കുക. വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിക്കായിരിക്കും വാര്‍ഡ് തലത്തില്‍ ചുമതല. അതിനു കീഴില്‍ ഏതാനും വീടുകള്‍ക്ക് പ്രത്യേക നിരീക്ഷണ സമിതിയും ഉണ്ടാകും. ഇതിനു പുറമെ പൊലീസിന്റെ നിരീക്ഷണവും ഏർപ്പെടുത്തും.

നേരിട്ടുള്ള നിരീക്ഷണത്തോടൊപ്പം മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വീഡിയോ കോള്‍ വഴിയും ക്വാറന്റീനില്‍ കഴിയുന്നവരുമായി പൊലീസ് ബന്ധപ്പെടും. ക്വാറന്റീന്‍ നിർദേശങ്ങൾ ലംഘിക്കുന്നവരെ കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിൽ തീരുമാനിച്ചു. തിങ്കളാഴ്ച മുതലാണ് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ തിരിച്ചെത്തി തുടങ്ങിയത്. വിദേശമലയാളികളും ഉടൻ വന്നു തുടങ്ങും.

Story Highlights: kannur, coronavirus, Covid 19,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top