കൊവിഡ്: ഗുജറാത്തിൽ ഗുരുതര സാഹചര്യം; നേരിട്ട് ഇടപെട്ട് കേന്ദ്രസർക്കാർ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക് കടക്കുന്നതിനിടെ, ഗുജറാത്തിലെ ഗുരുതര സാഹചര്യത്തിൽ നേരിട്ട് ഇടപെട്ട് കേന്ദ്രസർക്കാർ. മുഖ്യമന്ത്രി വിജയ് രൂപാനിയുമായി സ്ഥിതിഗതികൾ അവലോകനം ചെയ്തു. ലോക്ക്ഡൗൺ കർശനമായി നടപ്പാക്കാൻ അഹമ്മദാബാദിൽ അർധസൈനികരെ വിന്യസിച്ചു. അതേസമയം, ഡൽഹിയിലും തമിഴ്നാട്ടിലും കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. രാജസ്ഥാനിലെ ജോധ്പുരിൽ 30 ബി.എസ്.എഫ് ജവാന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 49,391 ആയി. ഇതുവരെ 1694 പേർ മരിച്ചു.
Read Also: രാജ്യത്ത് കൊവിഡ് ബാധിതർ അരലക്ഷത്തിലേക്ക്; മരണം 1,694
കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ വൻവീഴ്ചയെന്ന് ആരോപണമുയരുന്നതിനിടെയാണ് കേന്ദ്രസർക്കാർ ഗുജറാത്തിൽ നേരിട്ട് ഇടപെടുന്നത്. മുഖ്യമന്ത്രി വിജയ് രൂപാനിയെ നേരിട്ട് അതൃപ്തി അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി നടത്തി. അഹമ്മദാബാദ് മുനിസിപ്പൽ കമ്മീഷണറുടെ ചുമതല മുകേഷ് കുമാർ ഐ.എ.എസ് ഏറ്റെടുത്തയുടൻ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയാണ് ആദ്യം ചെയ്തത്. ഈ മാസം പതിനഞ്ച് വരെയാണ് സമ്പൂർണ ലോക്ക്ഡൗൺ തീരുമാനിച്ചത്. മൂന്ന് വിദഗ്ധ ഡോക്ടർമാരെ വിട്ടുതരണമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.
Read Also: പ്രവാസികളെ തിരിച്ചെത്തിക്കാന്‍ 12 രാജ്യങ്ങളില്‍ നിന്ന് 64 വിമാനങ്ങള്‍
ഗുജറാത്തിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 380 പോസിറ്റീവ് കേസുകളിൽ 291ഉം, 28 മരണത്തിൽ 25ഉം അഹമ്മദാബാദിലാണ്. ആകെ പോസിറ്റീവ് കേസുകൾ 6625 ആയി കുതിച്ചുയർന്നു. തമിഴ്നാട്ടിലും സമാനസാഹചര്യമാണ്. 771 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 324ഉം ചെന്നൈയിലാണ്. ആകെ കേസുകൾ 4829 ആയി. ഡൽഹിയിൽ 24 മണിക്കൂറിനിടെ 428 കേസുകൾ സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ 5532 പേർ കൊവിഡ് ബാധിതരായി. 65 പേർ മരിച്ചു. രാജസ്ഥാനിലെ ജോധ്പുരിൽ കൊവിഡ് സ്ഥിരീകരിച്ച 30 ബി.എസ്.എഫ് ജവാന്മാരും ഡൽഹിയിലെ ജോലി കഴിഞ്ഞു മടങ്ങിയവരാണ്. ഇവിടെ പോസിറ്റീവ് കേസുകളുടെ എണ്ണം 3240 ആയി.
Story Highlights: gujarat crictical coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here