Advertisement

ലാലി ഗോപകുമാര്‍ ഇനി അഞ്ച് പേരിലൂടെ ജീവിക്കും

May 9, 2020
Google News 1 minute Read

ചെമ്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാര്‍ (50) ഇനി 5 പേരിലൂടെ ജീവിക്കും. അന്യൂറിസം ബാധിച്ച് മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു. ഹൃദയം, 2 വൃക്കകള്‍, 2 കണ്ണുകള്‍ എന്നവയാണ് മറ്റുള്ളവര്‍ക്കായി നല്‍കിയത്. ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്ക കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും കോര്‍ണിയ ഗവ കണ്ണാശുപത്രിയ്ക്കുമാണ് നല്‍കിയത്. ഈ ദുഖത്തിന്റെ ഘട്ടത്തില്‍ നല്ലൊരു തീരുമാനമെടുത്ത കുടുംബാംഗങ്ങളുടെ നല്ല മനസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി അറിയിച്ചു.
തീവ്രദുഖത്തിലും അവയവദാനത്തിന് തയാറായ ലാലി ഗോപകുമാറിന്റെ ബന്ധുക്കളെ മന്ത്രി കെകെ ശൈലജ ഫോണില്‍ വിളിച്ച് ആദരവറിയിച്ചു. അനേകം കുട്ടികള്‍ക്ക് അറിവ് പകര്‍ന്ന ടീച്ചറായ ലാലി ഗോപകുമാര്‍ ഇക്കാര്യത്തിലും മാതൃകയായിരിക്കുകയാണ് മന്ത്രി പറഞ്ഞു.

പൗണ്ട്കടവ് ഗവ എച്ച്ഡബ്ല്യു എല്‍പിഎസ് സ്‌കൂളിലെ അധ്യാപികയാണ് ലാലി ഗോപകുമാര്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ലാലിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. മെയ് എട്ടാം തിയതി രണ്ട് അപ്നിയ ടെസ്റ്റ് നടത്തിയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന കുടുംബാംഗങ്ങള്‍ മുന്നോട്ട് വരികയായിരുന്നു. ‘അമ്മയ്ക്ക് ഇങ്ങനെ സംഭവിച്ച സമയത്ത് ഞങ്ങള്‍ കുറേ വിഷമിച്ചിരുന്നു. അമ്മ എപ്പോഴും എല്ലാവരേയും സഹായിച്ചിട്ടേയുള്ളൂ. ഞങ്ങളെപ്പോലെ കരയുന്നവരും കാണുമല്ലോ. അവര്‍ക്കൊരു സഹായമായാണ് അവയവദാനത്തിന് തയാറായത്’ എന്നാണ് മകള്‍ ദേവിക ഗോപകുമാര്‍ പറഞ്ഞു. ലാലി ഗോപകുമാറിന്റെ ഭര്‍ത്താവ് ഗോപകുമാര്‍ ബിസിനസ് നടത്തുന്നു. മൂന്ന് മക്കളില്‍ ഗോപിക ഗോപകുമാര്‍ ഗള്‍ഫില്‍ നഴ്സാണ്. ദേവിക ഗോപകുമാര്‍ ബിഎച്ച്എംഎസ് വിദ്യര്‍ത്ഥിയും മകന്‍ ഗോപീഷ് ബിടെക് വിദ്യാര്‍ത്ഥിയുമാണ്. മരുമകന്‍ ശരത് ബാബു.

ലോക്ക്ഡൗണ്‍ കാലത്ത് അഞ്ചാമത്തെ അവയവദാന പ്രക്രിയയാണ് നടന്നത്. മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് വടശേരിക്കോണം സ്വദേശി ശ്രീകുമാര്‍ (54), തൃശൂര്‍ സ്വദേശി സികെ മജീദ് (56), കൊട്ടാരക്കര സ്വദേശി ശിവപ്രസാദ് (59), കൊല്ലം സ്വദേശി അരുണ്‍ വര്‍ഗീസ് (32) എന്നിവരുടെ അവയവങ്ങളാണ് ദാനം ചെയ്തത്. ഈ 5 അവയവദാന പ്രകൃയയിലൂടെ 25 പേര്‍ക്കാണ് പുതുജീവിതം നല്‍കിയത്. ലോക്ക്ഡൗണ്‍ കാലത്ത് അവയവദാനത്തിന് നേതൃത്വം നല്‍കിയ മൃതസഞ്ജീവനി ടീമിനും മന്ത്രി കെകെ ശൈലജ അഭിനന്ദനം അറിയിച്ചു.കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. ലോക്ക്ഡൗണായതിനാല്‍ മുഖ്യമന്ത്രിയുടേയും ആരോഗ്യ വകുപ്പ് മന്ത്രിയുടേയും ഇടപെടലുകളെ തുടര്‍ന്നാണ് അവയവദാന വിന്യാസം നടന്നത്. ഹൃദയം എറണാകുളത്ത് ചികിത്സയിലുള്ള രോഗിക്ക് എത്തിക്കുന്നതിനുള്ള ദൗത്യം വളരെ വലുതായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരംസംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യയാത്ര കൂടിയായിരുന്നു ഇത്. തിരുവനന്തപുരം, എറണാകുളം ജില്ലാ ഭരണകൂടം, ആരോഗ്യം, പൊലീസ്, ട്രാഫിക് തുടങ്ങി പല സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെയാണ് അവയവദാനം നടന്നതെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: Lally Gopakumar, brain death, Organ donation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here