കൊവിഡ് പ്രതിരോധം; മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനായി റിംഗ് ഫെന്‍സിംഗ് പദ്ധതിയുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനായി റിംഗ് ഫെന്‍സിംഗ് പദ്ധതിയുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം. കൊവിഡ് ബാധിച്ചാൽ ഏറ്റവും ഗുരുതര രോഗസാധ്യതയും മരണസാധ്യതയും മുതിര്‍ന്ന പൗരന്മാര്ക്കാണ്. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുവികസന വകുപ്പ്, ആരോഗ്യ വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്കായി പ്രത്യേക പദ്ധതി രൂപീകരിച്ചത്.
ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ മുതിര്‍ന്ന പൗരന്മാരുടെ വിവരശേഖരണം അങ്കണവാടി പ്രവര്‍ത്തകര്‍ നടത്തും. ഈ വ്യക്തികളുടെ റിസ്ക് അസസ്മെന്റ് നടത്തി ഏറ്റവും രോഗസാധ്യതയുള്ള വ്യക്തികളെ കണ്ടെത്തുകയാണ് രണ്ടാം ഘട്ടം. 60ന് മുകളില്‍ പ്രായമുള്ള എല്ലാവരും രോഗപകര്‍ച്ചാ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീടുകളില്‍ കഴിയണം. ഈ സംവിധാനമാണ് റിവേഴ്സ് ക്വാറന്റീന്. റിവേഴ്സ് ക്വാറന്റീനില്‍ കഴിയുന്നവരുടെ ആവശ്യങ്ങള്‍ ഗ്രാമപഞ്ചായത്തുകളിലെ വൊളന്റിയര്‍മാര്‍ മുഖേന പൂര്‍ത്തീകരിച്ചു നല്‍കും. മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ ആവശ്യങ്ങള്‍ ടെലികണ്‍സള്‍ട്ടേഷന്‍ മുഖേന പൂര്‍ത്തീകരിക്കും. മരുന്നുകള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനത്തില്‍ നിന്നും ആശാ പ്രവര്‍ത്തകര്‍ വീടുകളിലെത്തിക്കും. മാനസിക പിന്തുണ നല്‍കുന്നതിനായി ടെലികൗണ്‍സിലിംഗ് സൗകര്യം ഉണ്ടാകും. ആഹാരവും വീട്ടിലേക്ക് ആവശ്യമായ മറ്റ് വസ്തുക്കളും ഗ്രാമപഞ്ചായത്ത് വൊളന്റിയര്‍മാര്‍ എത്തിക്കും.
അങ്കണവാടി പ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശന സമയത്ത് മുതിര്‍ന്ന പൗരന്മാര്ക്ക് വിവിധ സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, ചെയ്യേണ്ട കാര്യങ്ങള്‍, ഒഴിവാക്കേണ്ട കാര്യങ്ങള്‍, ജില്ലാ ഹെല്പ്ലൈന് നമ്പര്‍ എന്നിവ അടങ്ങുന്ന ലഘുലേഖ വിതരണം ചെയ്യുകയും ചെയ്യും.
Story Highlights: coronavirus, Lockdown, Pathanamthitta district,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here