അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം; സംഭാവനകളെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കി

ഉത്തർപ്രദേശിലെ അയോധ്യയിൽ പണി കഴിപ്പിക്കുന്ന രാമക്ഷേത്രത്തിനായി നൽകുന്ന സംഭാവനകളെ ആദായ നികുതി പരിധിയിൽ നിന്ന് ഒഴിവാക്കി കേന്ദ്രസർക്കാർ. ജീവകാരുണ്യ പ്രവർത്തനങ്ങൾ, ദുരിതാശ്വാസ നിധി എന്നിവയുടെ ഗണത്തിൽപ്പെടുത്തി നികുതി ഇളവ് നൽകാനാണ് സർക്കാർ ഉത്തരവ്.
Read Also: അയോധ്യയിലെ രാമക്ഷേത്രം: ഭൂമി ഒരുക്കൽ നടപടികൾ തുടങ്ങി
ആദായ നികുതി വകുപ്പ് നിയമത്തിൻ്റെ വകുപ്പ് 80 ജിയിൽ പെടുത്തിയാണ് അയോധ്യ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്രം ട്രസ്റ്റിന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) നികുതി ഒഴിവാക്കി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്. ഇതോടെ 2020-21 സാമ്പത്തിക വർഷത്തിൽ ട്രസ്റ്റിനു ലഭിക്കുന്ന സംഭാവനകൾക്കൊന്നും നികുതി ഒടുക്കേണ്ടതില്ല.
ബാബരി തർക്ക കേസിൽ കഴിഞ്ഞ നവംബർ 9ലെ സുപ്രീംകോടതി വിധിയെ തുടർന്നാണ് രാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനായി രൂപീകരിച്ച 15 അംഗ ട്രസ്റ്റ് ആദ്യയോഗത്തിൽ നിത്യ ഗോപാൽ ദാസിനെ പ്രസിഡൻറായും ചമ്പത് റായ്യെ ജനറൽ സെക്രട്ടറിയായും സ്വാമി ഗോവിന്ദ് ദേവ് ഗിരിയെ ട്രഷററായും തെരഞ്ഞെടുത്തിരുന്നു.
Read Also: ‘അയോധ്യയിൽ നാല് മാസത്തിനുള്ളിൽ രാമക്ഷേത്രം’; രാജ്യം കത്തുമ്പോൾ അമിത് ഷായുടെ പ്രഖ്യാപനം
അതിനിടെ ക്ഷേത്രനിർമാണത്തിനായി ഭൂമി നിരപ്പാക്കുന്ന ജോലികൾ അയോധ്യയിൽ ആരംഭിച്ചു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലാകും ക്ഷേത്രനിർമാണത്തിന്റെ ഭൂമിപൂജ നടക്കുക.
67 എക്കറിൽ 270 അടി ഉയരത്തിൽ നിർമിക്കുന്ന ക്ഷേത്രം ഇന്ത്യയിലെ പ്രധാനപ്പെട്ട എഞ്ചിനിയറിംഗ് സ്ഥാപനമായ എൽ ആന്‍ഡ് ടി ആകും നിർമ്മിക്കുക. കഴിഞ്ഞ ഡിസംബറിൽ, പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം കനക്കുമ്പോൾ നാല് മാസത്തിനുള്ളിൽ രാമക്ഷേത്രം പണിയുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
Story Highlights: ram temple tax deduction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here