കേരള സർവകലാശാല ബിരുദ പരീക്ഷകൾ മേയ് 21 മുതൽ തുടങ്ങും

കേരള സർവകലാശാല ബിരുദ പരീക്ഷകൾ മേയ് 21 മുതൽ തുടങ്ങും. പരീക്ഷാ നടത്തിപ്പിനായി കൂടുതൽ സബ്സെന്ററുകൾ തുടങ്ങാൻ സർവകലാശാല തീരുമാനിച്ചു. സ്‌കൂൾ വിദ്യാർത്ഥി പ്രവേശനം ഉടൻ തുടങ്ങാൻ പൊതുവിദ്യാഭ്യാസ വകുപ്പും തീരുമാനിച്ചു. എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ക്ലാസ് കയറ്റം നൽകും.
കൊവിഡ് 19 നെ തുടർന്ന് മുടങ്ങിയ സർവകലാശാല പരീക്ഷകൾ മേയ് 21 മുതൽ നടത്താനാണ് കേരള സർവകലാശാല തീരുമാനം. അവസാന സെമസ്റ്റർ ബിരുദ പരീക്ഷകളും ചോയസ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റർ സിസ്റ്റം ആറാം സെമസറ്റർ പരീക്ഷകളും 21 നു തുടങ്ങും. വിദൂര വിദ്യാഭ്യാസം അഞ്ചും ആറൂം സെമസ്റ്റർ ബിരുദ പരീക്ഷകൾ 28 മുതലും പഞ്ചരവത്സര എൽഎൽബി പത്താം സെമസ്റ്റർ പരീക്ഷ ജൂൺ എട്ട് മുതലും നടത്തും. അഞ്ചാം സെമസ്റ്റർ പരീക്ഷ ജൂൺ 16 മുതലും ത്രിവത്സര എൽഎൽബിയുടെ ആറാം സെമസ്റ്റർ പരീക്ഷ ജൂൺ ഒൻപത് മുതലും തുടങ്ങും.
വിദ്യാർത്ഥികളുടെ യാത്രാ ക്ലേശം കണക്കിലെടുത്ത് പരീക്ഷാ നടത്തിപ്പിനായി സബ്സെന്ററുകൾ തുടങ്ങും. സൗകര്യം കണക്കിലെടുത്ത് വിദ്യാർത്ഥികൾക്ക് സബസെന്ററുകൾ തെരഞ്ഞെടുക്കാം. സംസ്ഥാനത്ത് സ്‌കൂൾ വിദ്യാർത്ഥിപ്രവേശനം ഉടൻ തുടങ്ങാൻ വിദ്യാഭ്യാസ വകുപ്പും തീരുമാനിച്ചു. എൽപി, യുപി, ഹൈസ്‌കൂൾ ക്ലാസുകളിലേക്ക് വിദ്യാർത്ഥി പ്രവേശനമാണ് തുടങ്ങുക. രണ്ടു ദിവസത്തിനകം മുഖ്യമന്ത്രി ഇതിനുള്ള തീയതി പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ എല്ലാ കുട്ടികൾക്കും ക്ലാസ് കയറ്റം നൽകും. ഒൻപതാം ക്ലാസിൽ പൂർത്തീകരിച്ച പരീക്ഷകളുടെ മൂല്യനിർണയം നടത്തും. നടക്കാത്ത പരീക്ഷകൾക്ക് അർധവാർഷിക പരീക്ഷയുടെ സ്‌കോർ പരിഗണിച്ച് അർഹരായ കുട്ടികൾക്ക് പത്താം ക്ലാസിലേക്ക് ക്ലാസ് കയറ്റം നൽകാനാണ് തീരുമാനം.
Story highlight: Kerala University Graduate Examinations to begin on May 21
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here