ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് സൂചന; നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനം സംസ്ഥാനങ്ങൾക്ക് നൽകിയേക്കും

ലോക്ക്ഡൗൺ ഇനിയും നീട്ടിയേക്കുമെന്ന് സൂചന. പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിംഗിനൊടുവിലാണ് ഇതുസംബന്ധിച്ച സൂചനകൾ പുറത്തുവരുന്നത്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകിയേക്കും. കൊവിഡിന്റെ തീവ്രതയും വ്യാപനവും കണക്കിലെടുത്ത് സോണുകളുടെ ക്രമീകരണം സംബന്ധിച്ച തീരുമാനം കൈക്കൊള്ളാനുള്ള സ്വാതന്ത്ര്യവും സംസ്ഥാനങ്ങൾക്ക് നൽകിയേക്കും. രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ 15 നുള്ളിൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ നൽകാൻ വിഡിയോ കോൺഫറൻസിംഗിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.
മഹാരാഷ്ട്രാ, തമിഴ്നാട്, പഞ്ചാബ്, ബിഹാർ, അസം, തെലങ്കാന, പശ്ചിമ ബംഗാൾ,ഡൽഹി സംസ്ഥാനങ്ങളാണ് ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യമുന്നയിച്ചത്. മെയ് 31 വരെ വിമാന സർവീസുകകളോ തീവണ്ടി സർവീസുകളോ തമിഴ്നാട്ടിലേക്ക് അനുവദിക്കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വിവിധ സംസ്ഥാനങ്ങൾ ഉന്നയിച്ച അവശ്യങ്ങളും നിർദേശങ്ങളും പരിഗണിച്ച ശേഷമാണ് ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന സൂചന പ്രധാനമന്ത്രി നൽകിയത്. 3 മണിക്ക് ആരംഭിച്ച വിഡിയോ കോൺഫറൻസ് രാത്രി ഒൻപതിനാണ് അവസാനിച്ചത്.
Story highlight: Signs that the lockdown may be extended The decision of the regulations may be up to the states
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here