Advertisement

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍വര്‍ധന; 24 മണിക്കൂറിനിടെ 3722 പോസിറ്റീവ് കേസുകള്‍, 134 മരണം

May 14, 2020
1 minute Read
Covid Cases Increase  in India

 

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍വര്‍ധന. ആകെ പോസിറ്റീവ് കേസുകള്‍ 78000 ആയി ഉയര്‍ന്നു.
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2500 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3722 പോസിറ്റീവ് കേസുകളും 134 മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, 26235 പേര്‍ രോഗമുക്തരായി. ഗുജറാത്തിലും തമിഴ്‌നാട്ടിലും കൊവിഡ് ബാധിതരുടെ എണ്ണം 9500 കടന്നു. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ 8000 കടന്നു. തിഹാര്‍ ജയിലില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ നടത്തിയ കൊവിഡ് പരിശോധനകളുടെ എണ്ണം രണ്ട് ദശലക്ഷം കടന്നു.

രാജ്യത്തെ ആകെ പോസിറ്റീവ് കേസുകള്‍ 78003 ആയി. ഇതുവരെ 2549 പേര്‍ മരിച്ചു. രോഗം ഭേദമാകുന്നവരുടെ നിരക്ക് 33 ശതമാനമായി ഉയര്‍ന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് ഭൂരിഭാഗം കൊവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുജറാത്തില്‍ കൊവിഡ് കേസുകള്‍ 9500 കടന്നു. 24 മണിക്കൂറിനിടെ 324 പുതിയ കേസുകളും 20 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പോസിറ്റീവ് കേസുകള്‍ 9592ഉം മരണം 586ഉം ആയി. 3753 പേര്‍ ആശുപത്രി വിട്ടു. രോഗം ഭേദമാകുന്നവരുടെ നിരക്ക് 38.43 ശതമാനമാണെന്ന് ഗുജറാത്ത് ആരോഗ്യവകുപ്പ് അറിയിച്ചു.

തമിഴ്‌നാട്ടില്‍ ഇന്ന് 447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 363 എണ്ണവും ചെന്നൈയിലാണ്. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതര്‍ 9674 ആയി ഉയര്‍ന്നു. ഇതുവരെ 66 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 472 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ പോസിറ്റീവ് കേസുകള്‍ 8470 ആയി. സംസ്ഥാനത്തെ കൊവിഡ് മരണ സംഖ്യ 115 ആയി.

ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് 5 ലക്ഷം പേര്‍ നിര്‍ദേശങ്ങള്‍ അറിയിച്ചെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. ഈ നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരിക്കും കേന്ദ്രസര്‍ക്കാരിന് പദ്ധതി സമര്‍പ്പിക്കുകയെന്നും കേജ്രിവാള്‍ വ്യക്തമാക്കി. ഏഷ്യയിലെ വലിയ ജയിലുകളില്‍ ഒന്നായ തിഹാര്‍ ജയിലില്‍ വിചാരണ തടവുകാരന് കൊവിഡ് സ്ഥിരീകരിച്ചു. 19 സഹതടവുകാരെയും അഞ്ച് ജയില്‍ ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. രോഹിണി ജയിലിലെ തടവുകാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ കൊവിഡ് ബാധിതര്‍ 4418ഉം മരണം 122ഉം ആയി. കര്‍ണാടകയില്‍ 28 പേര്‍ കൂടി രോഗബാധിതരായി.

 

Story Highlights: Covid Cases Increase  in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top