Advertisement

പ്രത്യേക ട്രെയിൻ യാത്രക്കാരെ സ്വീകരിക്കുവാൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

May 14, 2020
Google News 2 minutes Read

ഡൽഹി – തിരുവനന്തപുരം പ്രത്യേക ട്രെയിനിൽ എത്തുന്ന യാത്രക്കാരെ സ്വീകരിക്കുവാൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നാളെ പുലർച്ചെ 1 മണിക്കാണ് പ്രത്യേക ടെയിൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്. 400 പേരെയാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരടകം പരിശോധന നടത്തുന്നു.

അതേ സമയം, തിരുവനന്തപുരത്തേക്ക് ട്രെയിൻ മുഖേന എത്തുന്നവരെ സ്വീകരിക്കാൻ സകല സജ്ജീകരണങ്ങളും പൂർത്തീകരിച്ചതായി ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ. തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയെന്നും യാത്രക്കാരുടെ ആരോഗ്യ പരിശോധന കർശനമായി നടത്താനായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചെന്നും കളക്ടർ പറഞ്ഞു. വ്യത്യസ്ത ജില്ലകളിലേക്ക് ഉള്ളവരെ വെവ്വേറെ കവാടങ്ങളിലൂടെ സാമൂഹ്യ അകലം പാലിച്ച് ട്രെയിനിൽ നിന്ന് പുറത്തേക്കിറക്കും.

ട്രെയിൻ ടിക്കറ്റ് എടുക്കുന്നവർ യാത്രാ അനുമതിക്കുള്ള പാസിനായി കൊവിഡ് 19 ജാഗ്രത പോർട്ടലിൽ കൂടി അപേക്ഷ നൽകണം. അപേക്ഷിച്ചാൽ പെട്ടെന്ന് തന്നെ പാസ് ലഭ്യമാക്കാനുള്ള ക്രമീകരണം ഏർപ്പാടാക്കിയിട്ടുണ്ട്. ഒരേ ടിക്കറ്റിൽ ഉള്ള യാത്രക്കാരുടെ എല്ലാം വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തിയാൽ മതി. കയറുന്ന സ്റ്റേഷൻ, എത്തേണ്ട സ്റ്റേഷൻ, ട്രെയിൻ നമ്പർ, പിഎൻആർ നമ്പർ എന്നിവ കർശനമായി രേഖപ്പെടുത്തിയിരിക്കണമെന്നും കളക്ടർ അറിയിച്ചു.

ഇതര ജില്ലകളിലേക്ക് പോകുന്നവർക്കായി കെഎസ്ആർടിസി ബസുകൾ എല്ലാ ദിവസവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. റെയിൽവെ സ്റ്റേഷനിൽ നിന്ന് വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾ അനുവദിക്കും.

റെയിൽവേ സ്റ്റേഷനിലെ പരിശോധനയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റും. യാത്രക്കാരുടെ കൈയിൽ ഓൺലൈനായി കിട്ടിയ യാത്രാ പാസുണ്ടായിരിക്കണമെന്നും പാസില്ലാത്തവരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും കളക്ടർ പറഞ്ഞു. പാസുള്ളവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി.

Story Highlights- Ernakulam railway station getting ready for special train passengers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here