സച്ചിൻ ക്രീസിൽ എത്തുമ്പോൾ മാത്രം അദ്ദേഹം പുറത്താവരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു; വെളിപ്പെടുത്തലുമായി മുൻ പാക് നായകൻ

സച്ചിൻ പുറത്താവരുതേ എന്ന് താൻ പ്രാർഥിച്ചിരുന്നതായി മുൻ പാകിസ്താൻ നായകൻ റാഷിദ് ലത്തീഫ്. നിരവധി ബാറ്റ്സ്മാന്മാർ വന്ന് പോയിട്ടുണ്ടെന്നും സച്ചിൻ ക്രീസിലെത്തുമ്പോൾ മാത്രം അദ്ദേഹം പുറത്താവരുതേ എന്ന് താൻ പ്രാർത്ഥിച്ചിരുന്നു എന്നും ലത്തീഫ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ലത്തീഫ് മനസ്സു തുറന്നത്.
“ഞാൻ വിക്കറ്റ് കീപ്പറായിരുന്ന കാലത്ത് ഒട്ടേറെ മികച്ച താരങ്ങൾ എനിക്കു തൊട്ടുമുന്നിൽ ബാറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ സച്ചിൻ ബാറ്റിംഗിനായെത്തുന്നത് തികച്ചും വ്യത്യസ്തമായൊരു അനുഭവമായിരുന്നു. അദ്ദേഹം ഔട്ടാകരുതേ എന്ന് പ്രാർത്ഥിച്ചു പോയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. വിക്കറ്റിനു തൊട്ടുപിന്നിൽ നിന്ന് അദ്ദേഹത്തിൻ്റെ ബാറ്റിംഗ് കാണുക എന്നത് സുഖകരമായ ഒരു കാഴ്ചയായിരുന്നു. സച്ചിനെപ്പോലെ ബ്രയാൻ ലാറ, റിക്കി പോണ്ടിംഗ്, ജാക്വസ് കാലിസ് തുടങ്ങിയവരൊക്കെ എനിക്ക് മുന്നിൽ ബാറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ, ഇവരൊക്കെ എത്രയും പെട്ടെന്ന് ഔട്ടായിപ്പോകണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. എന്നാൽ, സച്ചിന്റെ പെരുമാറ്റവും രീതികളുമെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു. വിക്കറ്റിനു പിന്നിൽനിന്ന് അദ്ദേഹത്തെ പ്രകോപിപ്പിക്കാനായി എന്തൊക്കെ പറഞ്ഞാലും അദ്ദേഹം പ്രതികരിക്കില്ല. അത് മാത്രമല്ല, വെറുതെ ചിരിക്കുകയും ചെയ്യും.” – ലത്തീഫ് പറഞ്ഞു.
read also:ലോക റെക്കോർഡ് മറികടന്ന ബാറ്റ് ലേലത്തിനു വച്ച് ഹെർഷൽ ഗിബ്സ്; ലഭിക്കുന്ന തുക കൊറോണ പ്രതിരോധത്തിന്
ഇതുകൊണ്ടൊക്കെയാണ് എല്ലാവരും സച്ചിനെ സ്നേഹിക്കുന്നതും ആരാധിക്കുന്നതും. അദ്ദേഹം ബൗളർമാരെ ആക്രമിച്ച് സെഞ്ചുറി നേടും. പക്ഷേ, ഒരക്ഷരം മിണ്ടില്ല. വിക്കറ്റ് കീപ്പറെന്ന നിലയിൽ അദ്ദേഹത്തിന്റെ ഏകാഗ്രത കളയാൻ നമ്മൾ പരമാവധി ശ്രമിക്കും. പക്ഷേ, അദ്ദേഹം ശ്രദ്ധിക്കില്ല. സച്ചിനെപ്പോലെ മുഹമ്മദ് അസ്‌ഹറുദ്ദീനും സ്ലെഡ്ജിംഗ് ചിരിച്ചു തള്ളിയിരുന്നു എന്നും ലത്തീഫ് കൂട്ടിച്ചേർത്തു. എല്ലായ്പ്പോഴും ഓർമിക്കപ്പെടുന്ന താരങ്ങളിൽ ഒരാളാണ് സച്ചിൻ എന്നും അദ്ദേഹം പറഞ്ഞു.
Story highlights-former pakistan captain rashid latif about sachin tendulkar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here