ഫെയ്സ്ബുക്കിൽ അസഭ്യവർഷം:വിഡി സതീശൻ മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ; പ്രചരിക്കുന്നത് വ്യാജ സ്ക്രീൻഷോട്ടെന്ന് വി.ഡി സതീശൻ

ഫെയ്സ്ബുക്കിൽ അസഭ്യം പറഞ്ഞ വി.ഡി സതീശൻ എംഎൽഎ പൊതുസമൂഹത്തോടു മാപ്പുപറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. തന്റെ വെരിഫൈഡ് പേജിലൂടെയാണ് കേട്ടാലറയ്ക്കുന്ന വാക്കുകൾ വി.ഡി സതീശൻ വിളിച്ചതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പ്രസ്താവനയിൽ പറയുന്നതിങ്ങനെ :
കഴിഞ്ഞ ദിവസം വാളയാറിലെ കോൺഗ്രസ്സ് സമര നാടകത്തെ ന്യായീകരിച്ചു പോസ്റ്റ് ചെയ്ത വീഡിയോയുടെ ചുവട്ടിലായിരുന്നു തന്റെ മണ്ഡലത്തിലെ ഒരു പൊതുപ്രവർത്തകന്റെ അമ്മയെപ്പോലും ചേർത്ത് വിഡി സതീശൻ അസഭ്യം പറഞ്ഞത്. വി ഡി സതീശന്റെ പുനർജ്ജനി പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച വിമർശനത്തിന് മറുപടിയായായിരുന്നു അസഭ്യവർഷം. ഒരു ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകനിൽ നിന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത അധമ പ്രവൃത്തിയാണ് സതീശനിൽ നിന്നും ഉണ്ടായത്. കെപിസിസിയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. എംഎൽഎ എന്ന നിലയിലും കോൺഗ്രസിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനം കൈകാര്യം ചെയ്യുന്ന ആൾ എന്ന നിലയിലും സമൂഹത്തിനു മാതൃകയാകേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. എന്നാൽ കേരളത്തിന്റെ ഉയർന്ന സാംസ്കാരിക പൈതൃകത്തിനു ചേരാത്ത നിന്ദ്യ പ്രവൃത്തിയാണ് വിഡി സതീശൻ നടത്തിയതെന്ന് പ്രസ്താവനയിൽ പറയുന്നു.
എന്നാൽ പ്രചരിക്കുന്നത് വ്യാജ സ്ക്രീൻഷോട്ടാണെന്ന് വിഡി സതീശൻ എംഎൽഎ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിശദീകരണം. തന്റെ ജീവിതത്തിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യ വാക്കുകളാണ് സ്ക്രീൻഷോട്ടിൽ എഴുതി വച്ചിരിക്കുന്നത്.
തനിക്ക് പല വിഷയങ്ങളിലും തർക്കിക്കേണ്ടി വന്നിട്ടുണ്ട് എന്നാൽ മര്യാദവിട്ട് ഒരു വാക്കുപോലും പറയേണ്ടി വന്നിട്ടില്ലെന്നും അതിനുള്ള ശക്തമായ ആശയവും വസ്തുതകളും വച്ചാണ് താൻ സംസാരിക്കാറുള്ളതെന്നും വിഡി സതീശൻ കുറിച്ചു.
Story Highlights- dyfi asks vd satheesan to apologise
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here