ഡൽഹിയിൽ നിന്നുള്ള ആദ്യ ട്രെയിനിൽ സംസ്ഥാനത്ത് എത്തിയത് 1011 പേർ

TRAIN

ഡൽഹിയിൽ നിന്നുള്ള ആദ്യ ട്രെയിനിൽ സംസ്ഥാനത്ത് എത്തിയത് 1011 പേർ. കോഴിക്കോട്ട് ആറ് പേരെയും തിരുവനന്തപുരത്ത് ഒരാളെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെ കോഴിക്കോടും പുലർച്ചെ ഒന്നേ മുക്കാലോടെ എറണാകുളത്തും എത്തിയ പ്രത്യേക രാജധാനി എക്സ്പ്രസ് രാവിലെ അഞ്ച് പത്തോടെയാണ് തിരുവനന്തപുരത്തു എത്തിയത്.

348 യാത്രക്കാർ തമ്പാനൂരിൽ ട്രെയിനിറങ്ങി. പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മുംബൈയിൽ നിന്നുള്ള പത്തനംതിട്ട സ്വദേശിയെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 20 അംഗ സംഘമായി ആളുകളെ ട്രെയിനിൽ നിന്ന് ഇറക്കി, പതിനഞ്ച് കൗണ്ടറുകളിലായിട്ടാണ് പരിശോധന നടത്തിയത്. നാല് ഗേറ്റുകളിലൂടെയാണ് യാത്രക്കാരെ പുറത്ത് എത്തിച്ചത്. 58 തമിഴ്നാട് സ്വദേശികളെ തമിഴ്നാട് ബസിൽ നാട്ടിലേക്കു അയച്ചു.

കോഴിക്കോട്ട് 252 യാത്രക്കാരാണ് ഇറങ്ങിയത്. ഇതിൽ രോഗലക്ഷണമുള്ള ആറ് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. 411 യാത്രക്കാരാണ് എറണാകുളം സൗത്ത് സ്റ്റേഷനിൽ ഇറങ്ങിയത്. ലക്ഷദ്വീപിൽ നിന്നുള്ള രണ്ട് പേരും സംഘത്തിലുണ്ടായിരുന്നു. കൊവിഡ് ലക്ഷണമുള്ള ആരും സംഘത്തിലുണ്ടായിരുന്നില്ല. റെയിൽവേ സ്റ്റേഷനുകളിൽ സജ്ജീകരിച്ച കെഎസ്ആർടിസി ബസുകളിലും ടാക്സികളിലുമാണ് യാത്രക്കാരെ വീടുകളിലേക്ക് മടക്കിയത്. അതേസമയം, കേരളത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള ആദ്യ ട്രെയിൻ ഇന്ന് വൈകിട്ട് 7.15 ന് തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. ട്രെയിനിൽ മുന്നൂറോളം യാത്രക്കാരുണ്ടാകും.

Story  Highlights: coronavirus, Covid 19, Indian railway,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top