കേന്ദ്ര പാക്കേജ്: ആറു മാസത്തെ കാര്‍ഷിക മോറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളണമെന്ന് ഡോ ടിഎം തോമസ് ഐസക്ക്

Interest payments  waived for agricultural moratorium period : Thomas Isaac

രാജ്യത്തെ കര്‍ഷകരുടെ വായ്പയ്ക്ക് പ്രഖ്യാപിച്ചിട്ടുള്ള ആറുമാസത്തെ മോറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് ധനമന്ത്രി ഡോ ടിഎം തോമസ് ഐസക്ക്. കേന്ദ്രധനമന്ത്രിയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തില്‍ പലിശ എഴുതിത്തള്ളിയാല്‍ കേന്ദ്രം പണം നല്‍കേണ്ടിവരും. ബാങ്കുകളും കേന്ദ്ര സര്‍ക്കാരും പകുതി വീതം ബാധ്യത ഏറ്റെടുത്താലും കേന്ദ്രം പണം നല്‍കേണ്ടിവരും. കര്‍ഷകരുടെ കൈകളിലേക്ക് നേരിട്ട് പണം എത്തിക്കാനുള്ള യാതൊന്നും ഇപ്പോള്‍ പ്രഖ്യാപിച്ച പാക്കേജിലില്ലെന്ന് ധനമന്ത്രി പറഞ്ഞു.

ഇപ്പോള്‍ കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ചതനുസരിച്ച് തൊഴിലുറപ്പ് പദ്ധതിയില്‍ ഇതരസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടുകയാണ്. ഈ സാഹചര്യത്തില്‍ തൊഴില്‍ ദിനങ്ങള്‍ 150 ആയി വര്‍ധിപ്പിക്കുകയാണ് വേണ്ടത്. അതേസമയം തൊഴിലുറപ്പ് പദ്ധതിയുടെ മുടക്കുമുതല്‍ വര്‍ധിപ്പിച്ചിട്ടില്ല. 2018-19ല്‍ 55000 കോടി രൂപയാണ് ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ 5000 കോടി രൂപ മാത്രമാണ് ഈ വര്‍ഷം വര്‍ധിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ നടത്തിയ ജോലികള്‍ക്കുള്ള പണം നല്‍കിയിട്ടുമില്ല. 2019 ഏപ്രിലില്‍ 27.9 കോടി പ്രവൃത്തിദിനങ്ങളാണ് രാജ്യത്തുണ്ടായത്. ഈ വര്‍ഷം ഏപ്രിലില്‍ 11.08 കോടി ദിനങ്ങളാണ് ആകെ ഉണ്ടായത്.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി 11000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതായി പറയുന്നു. കേരളത്തിന് എസ്ഡിആര്‍എഫില്‍ നിന്ന് ലഭിച്ചത് 157 കോടി രൂപയാണ്. കേന്ദ്രമാര്‍ഗ നിര്‍ദേശമനുസരിച്ച് 25 ശതമാനം മാത്രമേ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി വിനിയോഗിക്കാനാവൂ. കേരളത്തിന് ലഭിച്ച തുക കളക്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.

രാജ്യത്തെ പതിനേഴ് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ പോര്‍ട്ടബിള്‍ റേഷന്‍ കാര്‍ഡ് സംവിധാനം നിലനില്‍ക്കുന്നു. കേരളത്തില്‍ രണ്ടു മാസത്തിനകം ഇത് നടപ്പാകും. ഇതിനുള്ള സോഫ്റ്റ്വെയര്‍ തയാറായിക്കൊണ്ടിരിക്കുകയാണ്. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും കേരളം റേഷന്‍ നല്‍കി. കുടിയേറ്റത്തൊഴിലാളികള്‍ക്കായി പ്രത്യേക നിധി രൂപീകരിക്കുകയായിരുന്നു വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ജിഎസ്ടിയുടെ സംസ്ഥാന വിഹിതം നല്‍കുന്നതിന് അനുകൂല പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന് 3000 കോടി രൂപ ലഭിക്കേണ്ടിടത്ത് 200 കോടി രൂപയാണ് ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു.

 

Story Highlights: Interest payments  waived for agricultural moratorium period : Thomas Isaac

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top