തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റായി മാറും; ജാഗ്രതാ നിര്‍ദേശം

തെക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ശക്തമായ ന്യൂനമര്‍ദം ആയി മാറി. ഒഡീഷയിലെ പരാദീപ് (Paradip) തീരത്ത് നിന്ന് ഏകദേശം 1100 കിലോമീറ്ററും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിഖയില്‍ (South Digha) നിന്ന് 1250 കിലോമീറ്റര്‍ ദൂരെയുമാണ് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്.
അടുത്ത 24 മണിക്കൂറില്‍ ഇത് വളരെ വേഗത്തില്‍ ചുഴലിക്കാറ്റായും (Cyclonic Storm) വീണ്ടും ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റുമായി (Severe Cyclonic Storm) മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 62 കിലോമീറ്റര്‍ മുതല്‍ 88 കിലോമീറ്റര്‍ ആകുന്നഘട്ടമാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 89 കിലോമീറ്റര്‍ മുതല്‍ 117 കിലോമീറ്റര്‍ വരെ ആകുന്ന സിസ്റ്റങ്ങളെയാണ് ശക്തമായ ചുഴലിക്കാറ്റെന്ന് വിളിക്കുന്നത്. മെയ് 17 വരെ വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും ദിശയില്‍ വ്യതിയാനം സംഭവിച്ച് പശ്ചിമ ബംഗാള്‍ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള മോശം കാലാവസ്ഥയും കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ മഴക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളം ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തിലില്ല. ന്യൂനമര്‍ദത്തിന്റെ സഞ്ചാരവുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാന്തരീക്ഷവസ്ഥയില്‍ (കനത്ത മഴക്കും കാറ്റിനുമുള്ള സാധ്യത) വരാന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Story Highlights: Hurricanes in the southeast Bay of Bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here