കുടിയേറ്റ തൊഴിലാളികൾക്ക് മേൽ ട്രക്ക് പാഞ്ഞ് കയറി; നാല് മരണം

രാജ്യത്ത് വീണ്ടും കുടിയേറ്റ തൊഴിലാളികളുടെ ജീവനെടുത്ത വാഹനാപകടം. മധ്യപ്രദേശിൽ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ട്രക്ക് പാഞ്ഞു കയറി നാല് പേർക്ക് ദാരുണാന്ത്യം. ഇതോടെ രാജ്യത്ത് വിവിധ വാഹനാപകടങ്ങളിൽ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 150 കടന്നു
പുലർച്ചയോടെയാണ് മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ട്രക്ക് പാഞ്ഞു കയറിയത്. ലോക്ക് ഡൗണിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് ഇവർ മഹാരാഷ്ട്രയിൽ നിന്ന് സ്വന്തം നാടായ ഇൻഡോറിലേക്ക് കാൽനടയായി പോവുകയായിരുന്നു. അപകടത്തിൽ നാലുപേർ മരിച്ചു. മൂന്നുപേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇന്നലെ ഉത്തർപ്രദേശിലെ ഔരിയ, മധ്യപ്രദേശിലെ ബാണ്ട എന്നിവിടങ്ങളിൽ ഉണ്ടായ ട്രക്ക് അപകടത്തിൽ 30 കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. കാൽനടയായുള്ള കുടിയേറ്റ തൊഴിലാളികളുടെ യാത്ര ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയെങ്കിലും പല സംസ്ഥാനങ്ങളിലും തൊഴിലാളികളുടെ പലായനം ഇപ്പോഴും തുടരുകയാണ്. അതേസമയം ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയായ ഗാസിപൂരിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് ജില്ലാ ഭരണകൂടം ബസ് സൗകര്യം ഏർപ്പെടുത്തി.
story highlights- accident, madhyapradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here