രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധന; പുതിയതായി 4987 കേസുകള്‍

മൂന്നാം ലോക്ക് ഡൗണിന്റെ അവസാന ദിവസം 90000 കൊവിഡ് കേസുകൾ കടന്ന് രാജ്യം. 24 മണിക്കൂറിനിടെ 4987 പോസിറ്റീവ് കേസുകളും 120 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച ശേഷമുള്ള, ഒറ്റ ദിവസത്തെ റെക്കോർഡ് വർധനയാണിത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 90927 ആയി. 2872 പേർ മരിച്ചു. അതേസമയം, 34108 പേർ രോഗമുക്തരായി. മരണനിരക്ക് 3.1 ശതമാനമായി കുറഞ്ഞു. തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു.
രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന നാല് പോസിറ്റീവ് കേസുകളിൽ മൂന്നും മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ്. 34 ശതമാനം കേസുകൾ മഹാരാഷ്ട്രയിൽ നിന്നും, 12 ശതമാനം കേസുകൾ ഗുജറാത്തിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്യുന്നത്. 11.7 ശതമാനം കേസുകൾ തമിഴ്‌നാട്ടിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തെ 80 ശതമാനം കൊവിഡ് ബാധിതരും 30 മുനിസിപ്പൽ മേഖലയിൽ നിന്നാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതിൽ മൂന്നിലൊന്നും മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ്. ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് മൂന്ന് നഗരങ്ങളും ഉൾപ്പെടും. അതേസമയം, രോഗം ഭേദമാകുന്നവരുടെ നിരക്ക് 37.5 ശതമാനമായി ഉയർന്നു. മരണനിരക്ക് 3.1 ശതമാനമായി കുറഞ്ഞത് ആശ്വാസമായി.
അതേസമയം, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, കേരളം, ബീഹാർ സംസ്ഥാനങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. തമിഴ്‌നാട്ടിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 11,224 ആയി. 24 മണിക്കൂറിനിടെ 639 പോസിറ്റീവ് കേസുകളും നാല് മരണവും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 422 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകൾ 9755 ആയി. 148 പേർ മരിച്ചു.
coronavirus, india, covid case crosses 90000
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here