കൊറോണ ഭീതിക്കിടയിലും ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങി പാകിസ്താൻ

കൊറോണ ഭീതിക്കിടയിലും ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ജൂലായിൽ ഇംഗ്ലണ്ടിലെത്തി യുകെ സർക്കാർ നിർദ്ദേസമനുസരിച്ച് നിരീക്ഷണത്തിൽ കഴിയാമെന്നും തുടർന്ന് മത്സരങ്ങൾ കളിക്കാമെന്നുമാണ് നിലവിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിൻ്റെ തീരുമാനം. ജൂലായ് 30നാണ് പര്യടനം ആരംഭിക്കുന്നത്.
കഴിഞ്ഞ ദിവസം ഇരു ക്രിക്കറ്റ് ബോർഡുകളും തമ്മിൽ ഈ വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. ഇതേ തുടർന്നാണ് ഇക്കാര്യത്തിൽ ഇങ്ങനെയൊരു തീരുമാനം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് എടുത്തത്. ചാർട്ടേർഡ് വിമാനത്തിൽ ജൂലായ് മാസാദ്യം പാകിസ്താൻ കളിക്കാരെ ഇംഗ്ലണ്ടിൽ എത്തിക്കാനാണ് ഇരു ക്ലബുകളും തമ്മിൽ ധാരണയായത്. തുടർന്ന് ഒരു വേദി തീരുമാനിച്ച് അവിടെ പാക് ടീമിനെ ക്വാറൻ്റീൻ ചെയ്യും. അവർക്ക് അവിടെ പരിശീലനവും മറ്റും നടത്താനുള്ള സൗകര്യവും ഉണ്ടാവും. ഈ വേദി ഏതാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
അടുത്ത ആഴ്ച മുതൽ താരങ്ങൾ വ്യക്തിഗത പരിശീലനം ആരംഭിക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. രണ്ടാഴ്ചക്കാലം ബൗളർമാരാവും പരിശീലനം നടത്തുക. പിന്നീട് വിക്കറ്റ് കീപ്പർമാരും ബാറ്റ്സ്മാന്മാരും പരിശീലനം നടത്തും. ജൂലായ് ഒന്ന് വരെ രാജ്യത്ത് ഒരു തരത്തിലുള്ള ക്രിക്കറ്റ് മത്സരങ്ങളും നടത്തില്ലെന്ന് ഇസിബി നേരത്തെ തീരുമാനിച്ചിരുന്നു.
read also:കാലാവസ്ഥ പ്രവചനത്തിൽ പാക് അധീന കശ്മീരും; ഇന്ത്യയെ വിമർശിച്ച് പാകിസ്താൻ
കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് നിർത്തിവച്ചിരുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജൂൺ ഒന്ന് മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നു. പ്രീമിയർ ലീഗ് ഉൾപ്പെടെ രാജ്യത്തെ എല്ലാ പ്രൊഫഷണൽ കായിക മത്സരങ്ങൾക്കും ജൂൺ ഒന്ന് മുതൽ ആരംഭിക്കാനുള്ള അനുവാദം യുകെ സർക്കാർ നൽകിയിട്ടുണ്ട്. അടച്ച സ്റ്റേഡിയങ്ങളിലാവണം മത്സരങ്ങൾ നടത്തേണ്ടത്. 60 പേജുകൾ ദൈർഘ്യമുള്ള റീബിൽഡ് പ്ലാനിലാണ് കായിക മത്സരങ്ങൾ തുടങ്ങാൻ സർക്കാർ പച്ചക്കൊടി കാട്ടിയത്.
Story highlights-pakistan tour of england cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here